ബെംഗളൂരു: ഏകദേശം ഏഴ് മാസത്തോളം നീണ്ട രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒടുവില്‍ പടിഞ്ഞാറൻ ബെംഗളൂരുവിലെ ആയിരക്കണക്കിന് യാത്രക്കാർക്കും പ്രദേശവാസികള്‍ക്കും വ്യവസായ മേഖലയിലെ ജീവനക്കാർക്കും ആശ്വാസമേകുന്ന വാർത്ത പുറത്ത്.കെങ്കേരിയിലെയും ഹെജ്ജാലയിലെയും റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലെ ലെവല്‍ ക്രോസിങ്-16ല്‍ പുതുതായി നിർമ്മിച്ച റെയില്‍വേ അണ്ടർ ബ്രിഡ്‌ജ് ഇന്ന് തുറന്നുകൊടുക്കും.റെയില്‍വേ സഹമന്ത്രി വി സോമണ്ണ അണ്ടർ ബ്രിഡ്‌ജ് ഉദ്ഘാടനം ചെയ്യും. ഇതോടെ രാമോഹള്ളി-ദൊഡ്ഡ ആലദ മാര റോഡിനെയും (ബിഗ് ബന്യൻ ട്രീ റോഡ്) ബെംഗളൂരു-മൈസൂരു ദേശീയപാതയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് വീണ്ടും ഗതാഗതത്തിനായി തുറക്കുകയാണ്. മനുഷ്യ നിയന്ത്രിത റെയില്‍വേ ലെവല്‍ ക്രോസിങ്ങിന് പകരമായി അണ്ടർ ബ്രിഡ്‌ജ് നിർമ്മിക്കുന്നതിനായി 2025 ഡിസംബർ 7 മുതലാണ് ഈ റോഡ് അടച്ചിട്ടിരുന്നത്.
ആദ്യഘട്ട കണക്കുകള്‍ പ്രകാരം നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷമെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ദക്ഷിണ പശ്ചിമ റെയില്‍വേ ഏഴ് മാസത്തിനുള്ളില്‍ തന്നെ പദ്ധതി പൂർത്തിയാക്കി, നിശ്ചയിച്ച സമയത്തേക്കാള്‍ മാസങ്ങള്‍ മുമ്പ് തന്നെ പൊതുജനങ്ങള്‍ക്കായി ഗതാഗതത്തിനായി തുറന്നുകൊടുക്കുകയാണ്.നേരത്തെ റോഡ് അടച്ചതോടെ രാമോഹള്ളി, കുമ്പള്‍ഗോദ്ദ, ഭീമനകുപ്പെ, ബിഗ് ബന്യൻ ട്രീ എന്നിവിടങ്ങളിലെയും സമീപഗ്രാമങ്ങളിലെയും ജനങ്ങളുടെ യാത്ര ദുഷ്‌കരമായിരുന്നു. ബെംഗളൂരു-മൈസൂരു ദേശീയപാതയിലെത്താൻ ഇടുങ്ങിയ ഗ്രാമീണ റോഡുകളിലൂടെ 7 മുതല്‍ 10 കിലോമീറ്റർ വരെ അധികദൂരം സഞ്ചരിക്കേണ്ട സാഹചര്യമുണ്ടായി. മുമ്പ് വെറും പത്ത് മിനിറ്റിനുള്ളില്‍ പൂർത്തിയാക്കിയിരുന്ന യാത്ര തിരക്കേറിയ സമയങ്ങളില്‍ ഒരു മണിക്കൂറോളം നീളുന്ന അവസ്ഥയായിരുന്നു.കൂടാതെ നിയന്ത്രണങ്ങള്‍ കുമ്പള്‍ഗോദ്ദ വ്യവസായ മേഖലയെയും കാര്യമായി ബാധിച്ചു. 500-ലധികം വ്യവസായ സ്ഥാപനങ്ങള്‍ ഈ റോഡിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
ആയിരക്കണക്കിന് തൊഴിലാളികള്‍ ദിവസേന ഇടുങ്ങിയ ഗ്രാമീണ റോഡുകളിലെ ഗതാഗതക്കുരുക്ക് തരണം ചെയ്‌ത് ജോലിസ്ഥലങ്ങളിലെത്തേണ്ടി വന്ന സാഹചര്യമായിരുന്നു ഇതുവരെ.ഭാരവാഹനങ്ങളും ചരക്കുലോറികളും ഭീമനകുപ്പെ, രാമോഹള്ളി എന്നിവിടങ്ങളിലൂടെ തിരിച്ചുവിട്ടതോടെ ഗ്രാമീണ റോഡുകള്‍, കുടിവെള്ള പൈപ്പുകള്‍, മറ്റ് പൊതുസൗകര്യങ്ങള്‍ എന്നിവയ്ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഇതിനാണ് ഇപ്പോള്‍ അണ്ടർ ബ്രിഡ്‌ജ് തുറന്നു കൊടുക്കുന്നതോടെ പരിഹാരമാവുന്നത്.ലെവല്‍ ക്രോസിങ്ങിന് പകരമായി അണ്ടർ ബ്രിഡ്‌ജ് നിർമ്മിച്ചതോടെ ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത തടസാം പൂർണമായും ഒഴിവാക്കാനും റോഡ് സുരക്ഷ ഗണ്യമായി മെച്ചപ്പെടുത്താനും കഴിയുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. റെയില്‍വേയുടെ സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.