ബെംഗളൂരു: കർണാടക കോണ്‍ഗ്രസിലെ നേതൃമാറ്റ ചർച്ചകളില്‍ അപ്രതീക്ഷിത വഴിത്തിരിവ്. മുഖ്യമന്ത്രി പദവി സിദ്ധരാമയ്യയില്‍ നിന്ന് ഡി.കെ.ശിവകുമാർ ഏറ്റെടുക്കുമോ എന്നതിലുപരി, സംസ്ഥാനത്ത് ഉടൻ നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയെ കേന്ദ്രീകരിച്ചാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ നിർണ്ണായക ചർച്ചകള്‍ പുരോഗമിക്കുന്നത്. ചൊവ്വാഴ്ച അനുയായികള്‍ക്കൊപ്പം ഡല്‍ഹിയിലെ ഇന്ദിരാ ഭവനിലെത്തിയ ഇരു നേതാക്കളും മന്ത്രിസഭാ വകുപ്പുകളുടെ വിഭജനത്തിനായി കടുത്ത സമ്മർദ്ദ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ ഭരണാധികാരം ആരുടെ കൈകളിലായിരിക്കുമെന്ന് നിശ്ചയിക്കുക ഈ വകുപ്പ് വിഭജനമായിരിക്കും.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാണ് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ചർച്ചകളില്‍ പങ്കെടുക്കുന്നത്. വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ്, ഭരണമികവ്, ഇരുപക്ഷത്തെയും എം.എല്‍.എമാരെ തൃപ്തിപ്പെടുത്തല്‍ എന്നിവയാണ് ഹൈക്കമാൻഡിന് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍. നിലവിലെ സാഹചര്യത്തില്‍ പരസ്യമായ ഒരു തർക്കത്തിലേക്ക് നീങ്ങാതെ അധികാരം തുല്യമായി വീതംവെച്ച് താല്‍ക്കാലികമായി പ്രശ്നം പരിഹരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.ഇതുവരെ സിദ്ധരാമയ്യ പക്ഷത്തിന് മാത്രമായി ലഭിച്ചിരുന്ന ആഭ്യന്തരം ഉള്‍പ്പെടെയുള്ള നിർണ്ണായകവും സ്വാധീനവുമുള്ള വകുപ്പുകള്‍ തങ്ങള്‍ക്ക് വേണമെന്നാണ് ഡി.കെ. ശിവകുമാറിനെ അനുകൂലിക്കുന്നവർ ആവശ്യപ്പെടുന്നത്.
2019-ല്‍ പാർട്ടി തകർന്നടിഞ്ഞപ്പോള്‍ സംഘടനയെ കെട്ടിപ്പടുത്തതും 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചതും ഡി.കെ.യാണെന്ന് അവർ വാദിക്കുന്നു. വെറുമൊരു മന്ത്രിസ്ഥാനം നല്കി തങ്ങളെ ഒതുക്കാനാകില്ലെന്നും, ഭരണം നിയന്ത്രിക്കാൻ ശേഷിയുള്ള ശക്തമായ വകുപ്പുകള്‍ തന്നെ വേണമെന്നുമാണ് ഇവരുടെ നിലപാട്.അതേസമയം, തന്റെ വിശ്വസ്തരായ എം.എല്‍.എമാരെ മന്ത്രിസഭയില്‍ നിലനിർത്താനും പ്രധാന വകുപ്പുകള്‍ വിട്ടുകൊടുക്കാതിരിക്കാനും സിദ്ധരാമയ്യയും ശക്തമായി രംഗത്തുണ്ട്. കോണ്‍ഗ്രസിന്റെ ജനപ്രിയ ക്ഷേമപദ്ധതികളെല്ലാം തന്റെ ഭരണരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും, പ്രധാന വകുപ്പുകളില്‍ മാറ്റം വരുത്തിയാല്‍ അത് ഭരണത്തെ ബാധിക്കുമെന്നും സിദ്ധരാമയ്യ പക്ഷം വാദിക്കുന്നു. ഡി.കെ. പക്ഷത്തിന് വലിയ വകുപ്പുകള്‍ നല്കിയാല്, അത് സംസ്ഥാനത്ത് ഉടൻ നേതൃമാറ്റമുണ്ടാകും എന്ന തെറ്റായ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുമെന്നും സിദ്ധരാമയ്യ ഭയപ്പെടുന്നു.