ബെംഗളൂരു: കർണാടകയ്ക്കും ആന്ധ്രാ പ്രദേശിനും ഇടയിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള രണ്ട് പുതിയ റെയില്‍വേ ലൈൻ പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.കർണാടകയെയും ആന്ധ്രാ പ്രദേശിനെയും ബന്ധിപ്പിക്കുന്ന ബല്ലാരി – ഗുണ്ടക്കല്‍ സെക്ഷനില്‍ മൂന്നാമത്തെയും നാലാമത്തെയും റെയില്‍ ലൈൻ പദ്ധതിക്ക് ഏകദേശം 1,264 കോടി രൂപയുടെ റെയില്‍വേ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, ചരക്ക് നീക്കം മെച്ചപ്പെടുത്തുക, ഒരു പ്രധാന സാമ്പത്തിക ഇടനാഴിയിലൂടെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക എന്നിവയാണ് കർണാടകയ്ക്കും ആന്ധ്രാ പ്രദേശിനും ഇടയിലുള്ള നിർദിഷ്ട പദ്ധതിയുടെ ലക്ഷ്യം. ആന്ധ്രാ പ്രദേശിനെയും കർണാടകയെയും ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന സാമ്പത്തിക ഇടനാഴിയാണ് ബല്ലാരി – ഗുണ്ടക്കല്‍ സെക്ഷൻ എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.”രണ്ട് വലിയ തീരുമാനങ്ങള്‍ കേന്ദ്ര മന്ത്രിസഭ എടുത്തിട്ടുണ്ട്. ഒന്നാമതായി ആന്ധ്രാ പ്രദേശിനും കർണാടകയ്ക്കും ഇടയിലുള്ള പ്രധാനപ്പെട്ട സാമ്പത്തിക ഇടനാഴിയില്‍ വരുന്ന ബല്ലാരി – ഗുണ്ടക്കല്‍ റെയില്‍ സെക്ഷനിലെ മൂന്നാമത്തെയും നാലാമത്തെയും ലൈനിന് അംഗീകാരം ലഭിച്ചു.
1,264 കോടി രൂപയുടെ നിക്ഷേപത്തോടെയാണ് പദ്ധതി നടപ്പാക്കുക” – എന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഹോസ്പെറ്റ് – ഹുബ്ബള്ളി റെയില്‍വേ ലൈനിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിക്ക് കീഴിലുള്ള പദ്ധതി യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ചരക്കുനീക്കം ശക്തിപ്പെടുത്തുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. മള്‍ട്ടി – ട്രാക്കിങ് പദ്ധതി ഇന്ത്യൻ റെയില്‍വേ ശൃംഖലയെ ഏകദേശം 46 കിലോമീറ്റർ വർധിപ്പിക്കും. 2028 – 2029 ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടകയിലും ആന്ധ്രാ പ്രദേശിലുമായി മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പദ്ധതി ഏകദേശം ഏഴ് ലക്ഷം ജനസംഖ്യയുള്ള 99 ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ കഴിയുന്ന പദ്ധതിയാണ്.ഇരുമ്പയിര്, ഡോളമൈറ്റ്, ചുണ്ണാമ്പുകല്ല്, ഇരുമ്പ്, ഉരുക്ക്, കല്‍ക്കരി, വളങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങിയ ചരക്കുനീക്കത്തിന്ഉപയോഗിക്കുന്ന പ്രധാന ഇടനാഴിയാണ് ബല്ലാരി – ഗുണ്ടക്കല്‍ പാത. പാത സജീവമാകുന്നതോടെ പ്രതിവർഷം 16.22 ദശലക്ഷം ടണ്‍ അധിക ചരക്കുനീക്കം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബല്ലാരി കോട്ട, ശ്രീ കുമാര സ്വാമി ക്ഷേത്രം എന്നിവയുള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റെയില്‍ ഗതാഗതം ശക്തമാകുകയും ചെയ്യും.