ബെംഗളൂരു: പണി പൂര്‍ത്തിയാക്കി് മാസങ്ങള്‍ മാത്രം പിന്നിട്ട ഫ്ളാറ്റ് സമുച്ചയം സ്വയം പൊളിച്ചുപണിയാന്‍ അനുമതി തേടി നിര്‍മാതാവ്.18 നിലകളില്‍ തീര്‍ത്ത കോടികള്‍ വിലമതിക്കുന്ന 970 അപ്പാര്‍ട്ട്മെന്റുകള്‍ അടങ്ങിയ ഫ്ളാറ്റാണ് പൊളിക്കുന്നത്. കെട്ടിടത്തിന്റെ ഒരു നിലയില്‍ ചെറിയ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിക്കുന്നതിന് നിര്‍മ്മാതാവ് സ്വയം അനുമതി തേടിയത്. ദക്ഷിണ ബെംഗളൂരുവിലെ ഹൊസൂരിലാണ് സംഭവം.ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച് കേവലം മൂന്ന് മാസത്തിനകം കെട്ടിടം സ്വമേധയാ പൊളിച്ചുമാറ്റി പുനര്‍നിര്‍മിക്കാന്‍ പ്രമുഖ നിര്‍മാണ കമ്പനി തീരുമാനിക്കുക ആയിരുന്നു. ഇതിനകം സമുച്ചയത്തിലെ 49 ഫ്ലാറ്റുകള്‍ വിറ്റുപോയിരുന്നു. 15 ടവറുകളിലായി 970 അപ്പാര്‍ട്മെന്റുകളുള്ള ബൃഹദ് പദ്ധതിയാണ് കമ്പനി നിര്‍മിക്കുന്നത്. ഇതില്‍ ഒരു ടവറില്‍ മാത്രമാണ് അപാകത കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നിര്‍മ്മാതാവ് ഈ ടവര്‍ പൊളിച്ചുമാറ്റാനും വീണ്ടും നിര്‍മിക്കാനുമുള്ള അനുമതി തേടി.കെട്ടിടത്തിനു ചെറിയ ചരിവുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിച്ചുമാറ്റാന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി തീരുമാനിച്ചത്. ഒന്ന് മുതല്‍ 5 കോടിവരെ മൂല്യമുള്ള അപ്പാര്‍ട്മെന്റുകളാണ് സമുച്ചയത്തിലുണ്ടായിരുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം പൊളിക്കുന്നതിനുള്ള അനുമതി തേടി ഫ്ലാറ്റ് നിര്‍മാതാവ് സമീപിച്ചതായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മിഷനര്‍ എം. മഹേശ്വര റാവുവിനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ പിടിഐ സ്ഥിരീകരിക്കുന്നു.തീരദേശ നിയമങ്ങള്‍ പാലിക്കാതിരുന്നതിനും കെട്ടിട മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും മുന്‍പ് കൊച്ചിയിലും നോയിഡയിലും കൂറ്റന്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റിയിട്ടുണ്ട്. എന്നാല്‍ നിര്‍മാതാവ് സ്വയം പൊളിച്ചുപണിയാന്‍ അനുമതി തേടുന്നത് ഒരു പക്ഷേ രാജ്യത്തുതന്നെ ആദ്യ സംഭവമായിരിക്കും.