Home കർണാടക കര്‍ണാടകയില്‍ ഇന്ധന വിതരണ ചട്ടങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍; ‘ഇങ്ങനെയുള്ള വിതരണം അനുവദിക്കില്ല’

കര്‍ണാടകയില്‍ ഇന്ധന വിതരണ ചട്ടങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍; ‘ഇങ്ങനെയുള്ള വിതരണം അനുവദിക്കില്ല’

കർണാടകയിലെ പെട്രോള്‍ പമ്പുകള്‍ക്കുള്ള ഇന്ധന വിതരണ ചട്ടങ്ങള്‍ കർശനമാക്കി സംസ്ഥാന സിവില്‍ സപ്ലൈസ് ആൻഡ് കണ്‍സ്യൂമർ അഫയേഴ്‌സ് വകുപ്പ്.വടക്കൻ കർണാടകയിലെ ചില ഭാഗങ്ങളില്‍ ഇന്ധനം റേഷൻ ചെയ്യുന്നതായുള്ള വാർത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് സർക്കാർ വിശദമായ നിർദ്ദേശങ്ങള്‍ പുറത്തിറക്കിയത്.സംസ്ഥാനത്ത് ഇന്ധന ക്ഷാമമോ പൊതുജനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നതില്‍ നിയന്ത്രണമോ നിലവിലില്ലെന്ന് സർക്കാർ വൃത്തങ്ങളും നിരവധി പെട്രോള്‍ പമ്പുടമകളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും ഇന്ധന വിതരണ ചട്ടങ്ങളും കർശനമായി പാലിക്കണമെന്നാണ് എല്ലാ പെട്രോള്‍ പമ്പുകള്‍ക്കും നിർദേശം നല്‍കിയിരിക്കുന്നത്. പ്രത്യേകിച്ച്‌ ബള്‍ക്ക് വാങ്ങലുകളും കുപ്പി, കാൻ തുടങ്ങിയ കണ്ടെയ്‌നറുകളിലെ ഇന്ധന സംഭരണവും കൂടുതല്‍ നിരീക്ഷണ വിധേയമാക്കും.

നിയമലംഘനം നടത്തുന്ന പെട്രോള്‍ പമ്പുകള്‍ക്കെതിരെ ലൈസൻസ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നല്‍കി. ഇന്ധന വിതരണത്തില്‍ സുതാര്യത ഉറപ്പാക്കുകയും സുരക്ഷാ ഭീഷണികള്‍ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് പുതിയ നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.2002ലെ നിലവിലുള്ള ഇന്ധന വിതരണ മാർഗനിർദ്ദേശങ്ങളും പുതിയ നിർദ്ദേശങ്ങളും അനുസരിച്ച്‌ വാഹനങ്ങളുടെ ഫ്യൂവല്‍ ടാങ്കുകളിലേക്ക് നേരിട്ട് ഇന്ധനം നിറയ്ക്കുന്നത് തുടരും. അംഗീകൃത റീട്ടെയില്‍ സംവിധാനങ്ങളിലൂടെ നിശ്ചിത അളവില്‍ ഇന്ധനം വിതരണം ചെയ്യാനും അനുമതിയുണ്ട്. ബെംഗളൂരു, മൈസൂരു അടക്കമുള്ള നഗരങ്ങളില്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്ക് ഇന്ധനം ലഭ്യമാകുന്നതില്‍ നിയന്ത്രണമില്ലെന്നും അധികൃതർ വ്യക്തമാക്കി.അതേസമയം, വലിയ തോതിലുള്ള വാണിജ്യ ആവശ്യങ്ങള്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്നത് അംഗീകൃത ഡിപ്പോകളിലൂടെയോ നേരിട്ടുള്ള അംഗീകൃത വിതരണ സംവിധാനങ്ങളിലൂടെയോ മാത്രമേ അനുവദിക്കൂ. സാധാരണ റീട്ടെയില്‍ പമ്പുകള്‍ വഴി ഒരേസമയം 200 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം വില്‍ക്കരുതെന്നും നിർദ്ദേശമുണ്ട്.പെട്രോള്‍ പമ്പുകള്‍ പാലിക്കേണ്ട പ്രധാന നിയന്ത്രണങ്ങളും സർക്കാർ വ്യക്തമാക്കി. പെട്രോളോ ഡീസലോ കുപ്പികളില്‍ നിറച്ച്‌ നല്‍കാൻ പാടില്ല. പ്ലാസ്റ്റിക് കാനുകളിലോ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മറ്റ് കണ്ടെയ്‌നറുകളിലോ ഇന്ധനം വിതരണം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. അംഗീകൃത സംവിധാനങ്ങള്‍ക്ക് പുറത്തുള്ള അനധികൃത ബള്‍ക്ക് വിതരണവും കർശനമായി തടയും.

വടക്കൻ കർണാടകയിലെ ഹുബ്ബള്ളി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നാണ് ഇന്ധനം വിതരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ചില പെട്രോള്‍ പമ്പുടമകള്‍ കാറുകള്‍ക്ക് ഏകദേശം 25 ലിറ്ററും ട്രക്കുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും 150 ലിറ്റർ വരെയും മാത്രം നല്‍കണമെന്ന് വാക്കാല്‍ നിർദ്ദേശം ലഭിച്ചെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച രേഖാമൂലമുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് നിരവധി പമ്പുടമകള്‍ പിന്നീട് വിശദീകരിച്ചു.അതേസമയം ബെംഗളൂരില്‍ നിലനില്‍ അനാവശ്യ ഭീതി ഇല്ലെന്നാണ് പമ്പ് ഓപ്പറേറ്റർമാർ വ്യക്തമാക്കുന്നത്. നഗരത്തിലെ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇന്ധന അളവില്‍ നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് ബൈലക്കാഹള്ളിയിലെ പെട്രോള്‍ പമ്പ് ഓപ്പറേറ്ററായ രവി കുമാർ പറഞ്ഞു.മൈസൂരുവിലും സമാന സാഹചര്യമാണ്. ഇന്ധന വില്‍പ്പന സാധാരണ നിലയില്‍ തുടരുകയാണെന്നും നിലവില്‍ കുപ്പികളിലും കാനുകളിലും ഇന്ധനം നിറച്ച്‌ നല്‍കുന്നതിന് മാത്രമാണ് നിയന്ത്രണമുള്ളതെന്നും മൈസൂരു പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ശശികല നാഗരാജ് വ്യക്തമാക്കി.സുരക്ഷ ഉറപ്പാക്കുക, അനധികൃത ഇന്ധന ശേഖരണം തടയുക, ബള്‍ക്ക് ഇന്ധന നീക്കം നിയന്ത്രിക്കുക എന്നിവയാണ് കർശന നടപടികളുടെ ലക്ഷ്യമെന്നും പൊതുജനങ്ങള്‍ക്ക് ഇന്ധനം റേഷൻ ചെയ്യാനുള്ള തീരുമാനം സംസ്ഥാന സർക്കാർ എടുത്തിട്ടില്ലെന്നും അധികൃതർ വീണ്ടും ആവർത്തിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group