ബംഗളൂരു: ഐ.ടി നഗരമായ ബംഗളൂരുവില്‍ വൈകുന്നേരത്തോടെ പെയ്ത അപ്രതീക്ഷിത കനത്ത മഴയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി.ശക്തമായ മഴയെത്തുടർന്ന് ഓടകള്‍ കവിഞ്ഞൊഴുകിയതും തെരുവുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതും ഓഫീസ് സമയങ്ങളില്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് കാരണമായി.ഹോർമാവ്, എച്ച്.ബി.ആർ ലേഔട്ട് തുടങ്ങിയ പ്രദേശങ്ങളെയാണ് മഴ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ചത്. ഇവിടെയുള്ള പ്രധാന റോഡുകളും ജങ്ഷനുകളും പൂർണ്ണമായും വെള്ളത്തിനടിയിലായി. നഗരത്തിലെ കനാലുകളിലേക്കും ഓടകളിലേക്കുമുള്ള പ്രവേശന കവാടങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടി അടഞ്ഞതാണ് വെള്ളം പെട്ടെന്ന് ഉയരാൻ കാരണമായതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.ശക്തമായ കാറ്റിലും മഴയിലും പെട്ട് നഗരത്തിന്റെ പല ഭാഗങ്ങളിലും മരങ്ങളും മരച്ചില്ലകളും റോഡിലേക്ക് ഒടിഞ്ഞുവീണു.ഇതേത്തുടർന്ന് ഇരുചക്ര വാഹനയാത്രക്കാരും മറ്റ് വാഹനങ്ങളും മണിക്കൂറുകളോളമാണ് റോഡില്‍ കുടുങ്ങിയത്. വൈകുന്നേരത്തെ തിരക്കേറിയ സമയത്തായതിനാല്‍ കിലോമീറ്ററുകളോളം നീളുന്ന വലിയ വാഹനനിരയാണ് പ്രധാന പാതകളില്‍ ദൃശ്യമായത്. റോഡിലെ തടസ്സങ്ങള്‍ നീക്കാനും കനാലുകളിലെ ഒഴുക്ക് പുനഃസ്ഥാപിക്കാനുമുള്ള അടിയന്തര ശ്രമങ്ങളിലാണ് നഗരസഭാ അധികൃതർ.