ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും കുടുംബവും പ്രതികളായ മുഡ ഭൂമി ദാന അഴിമതി കേസില്‍ അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബെംഗളൂരുവിലെ അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി കര്‍ണാടക ലോകായുക്തയോട് നിര്‍ദ്ദേശിച്ചു. മൈസൂരുവിലെ വിവരാവകാശ പ്രവര്‍ത്തകനും കേസിലെ പരാതിക്കാരനുമായ സ്നേഹമയി കൃഷ്ണയുടെ ഹരജി പരിഗണിച്ചാണ് കോടതി ഉത്തവ്.എന്നാല്‍, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും മൈസൂരു ലോകായുക്ത പോലീസ് സൂപ്രണ്ടുമായ ടി.ജെ. ഉദേഷിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കൃഷ്ണയുടെ ഹര്‍ജി കോടതി തള്ളി. സിദ്ധരാമയ്യയ്‌ക്കും കുടുംബത്തിനും ക്ലീന്‍ ചിറ്റ് നല്‍കി ടി.ജെ. ഉദേഷ് സമര്‍പ്പിച്ച ബി റിപ്പോര്‍ട്ട് ചോദ്യം ചെയ്താണ് കൃഷ്ണ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. അന്വേഷണം പൂര്‍ത്തിയായതിനുശേഷം മാത്രമേ ‘ബി’ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കൂ എന്നും കോടതി വ്യക്തമാക്കി.കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കേസില്‍ ഒന്നാം പ്രതി. ഭാര്യ ബി.എന്‍. പാര്‍വതി, സിദ്ധരാമയ്യയുടെ ഭാര്യ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി എന്നിവരും പ്രതികളാണ്. പാര്‍വതിക്ക് അവരുടെ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി നല്‍കിയ ഭൂമി, മുഡ വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി പാര്‍വതിക്ക് വിജയപുരയിലെ ഭൂമി നല്‍കി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തല്‍.