ബെംഗളൂരുവിനും തുമകുരുവിനും ഇടയില്‍ റീജിയണല്‍ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) നടപ്പിലാക്കണമെന്ന കർണാടക സർക്കാരിന്റെ പുതിയ നിർദ്ദേശം സംസ്ഥാനത്ത് വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.ഇതോടെ സമീപ നഗരമായ തുമകുരുവിലേക്ക് നമ്മ മെട്രോ നീട്ടണമെന്ന ദീർഘകാല ആവശ്യം വീണ്ടും സജീവമായിരിക്കുകയാണ്. നഗരങ്ങള്‍ തമ്മിലുള്ള ദീർഘദൂര ഗതാഗതത്തിന് ഏറ്റവും അനുയോജ്യമായ സംവിധാനം ഏതാണ് എന്നതാണ് നിലവിലെ പ്രധാന ചർച്ചാവിഷയം.ബെംഗളൂരു-തുമകുരു പോലുള്ള ദീർഘദൂര റൂട്ടുകള്‍ക്ക് ആർആർടിഎസ് ആണ് കൂടുതല്‍ അനുയോജ്യമെന്നാണ് ഗതാഗത വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഉയർന്ന വേഗതയും കുറഞ്ഞ സ്റ്റോപ്പുകളും ഉള്‍ക്കൊള്ളുന്ന ഈ സംവിധാനം അന്തർനഗര യാത്രകള്‍ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ്. മറുവശത്ത്, നഗരത്തിനുള്ളിലെ ചെറിയ ദൂരയാത്രകള്‍ക്കും കൂടുതല്‍ സ്റ്റേഷനുകളുള്ള കണക്റ്റിവിറ്റിക്കുമാണ് മെട്രോ സംവിധാനം കൂടുതല്‍ അനുയോജ്യമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യാത്രാ ആവശ്യകത അനുസരിച്ച് ഗതാഗത സംവിധാനം തിരഞ്ഞെടുക്കണമെന്ന നിലപാടാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) സുസ്ഥിര ഗതാഗത ലബോറട്ടറി കണ്‍വീനർ പ്രൊഫ. ആശിഷ് വർമ്മ പങ്കുവെയ്ക്കുന്നത്. ചുരുങ്ങിയ ദൂര നഗരയാത്രകള്‍ക്ക് മെട്രോ ഏറ്റവും അനുയോജ്യമാണ്. എന്നാല്‍ ബെംഗളൂരുവില്‍ നിന്ന് തുമക്കൂരു പോലുള്ള ദീർഘദൂര യാത്രകള്‍ക്ക് ആർആർടിഎസ് കൂടുതല്‍ കാര്യക്ഷമമായ പരിഹാരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.നിലവില്‍ ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് ദിവസേന ജോലി, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന വലിയൊരു ജനവിഭാഗമുണ്ട്. റോഡ് ഗതാഗതത്തിലും പരിമിതമായ റെയില്‍ സൗകര്യങ്ങളിലും ആശ്രയിച്ചാണ് ഇവരുടെ യാത്രകള്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ അതിവേഗവും വിശ്വാസയോഗ്യവുമായ ഒരു പൊതുഗതാഗത സംവിധാനം അനിവാര്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇതാണ് ആർആർടിഎസ് പോലുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം വർധിപ്പിക്കുന്നതെന്നും അവർ പറയുന്നുമെട്രോയും ആർആർടിഎസും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഗതാഗത സംവിധാനങ്ങളാണ്. നഗരത്തിനുള്ളില്‍ ഉയർന്ന ഫ്രീക്വൻസിയോടെ സർവീസ് നടത്തുന്ന മെട്രോ ചെറിയ ദൂരയാത്രകള്‍ക്കാണ് അനുയോജ്യം. എന്നാല്‍ 50 മുതല്‍ 100 കിലോമീറ്റർ വരെ ദൂരം ഉള്‍ക്കൊള്ളുന്ന അന്തർനഗര യാത്രകള്‍ക്കായി ഉയർന്ന വേഗതയില്‍ പ്രവർത്തിക്കുന്ന സംവിധാനമാണ് ആർആർടിഎസ്. കുറഞ്ഞ സ്റ്റോപ്പുകള്‍, കൂടുതല്‍ സീറ്റിംഗ് സൗകര്യം, ലഗേജ് സൗകര്യം തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്.
ബെംഗളൂരു-തുംകുരു റൂട്ടില്‍ ആർആർടിഎസ് നടപ്പിലാക്കിയാല്‍ യാത്രാസമയം ഗണ്യമായി കുറയുകയും നഗര-ഉപനഗര ബന്ധം കൂടുതല്‍ ശക്തമാകുകയും ചെയ്യും. അതേസമയം മെട്രോ വിപുലീകരണത്തിന് പകരം ആർആർടിഎസ് മുന്നോട്ടുവയ്ക്കുന്നതിനെക്കുറിച്ച് ജനപ്രതിനിധികളും യാത്രക്കാരും വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഉപനഗരങ്ങളിലേക്കുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം ദീർഘദൂര അതിവേഗ ഗതാഗത പദ്ധതികള്‍ നിർണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ബെംഗളൂരു-തുംകുരു റൂട്ടില്‍ പദ്ധതി വിജയകരമായാല്‍ സംസ്ഥാനത്തെ മറ്റ് സമാന നഗര ബന്ധങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാകും. സുസ്ഥിര നഗരവികസനവും കാര്യക്ഷമമായ ഗതാഗത സംവിധാനവും ലക്ഷ്യമിട്ട് സർക്കാർ അന്തിമ തീരുമാനത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.