വടക്കാഞ്ചേരി: തൃശൂർ ജില്ലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികൾക്കാണ് രോഗബാധ കണ്ടെത്തിയത്. ഇരുവരും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിൽ യാത്ര പോയി വന്നതിനു ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. നാല് വയസ്സുള്ള പെൺകുട്ടിക്കും ഏഴ് വയസ്സുള്ള ആൺകുട്ടിക്കുമാണ് രോഗം ഉണ്ടായിരിക്കുന്നത്.കുട്ടികളുടെ ആഗോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിലാണ്.കുട്ടികളുടെ സമ്പർക്ക പട്ടിക തയാറാക്കുകയാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം കാട്ടാക്കടയിലെ ഒരു ബേക്കറിയിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന പാനീയത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് ഇന്നലെ മാത്രം 18 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ 132 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.