ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രഖ്യാപിച്ച പത്ത് ലക്ഷം വിദ്യാർത്ഥികള്‍ക്കുള്ള സൗജന്യ ബസ് പാസ് പദ്ധതി സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്ന് വിലയിരുത്തല്‍.പ്രതിവർഷം 1700 കോടി വരെ നഷ്ടം വരുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.പദ്ധതി പ്രകാരം 10 ലക്ഷത്തിലധികം വിദ്യാർത്ഥികള്‍ക്ക് ഇത് പ്രയോജനമാകും. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വഴി മൂന്ന് ലക്ഷത്തിലധികം വിദ്യാർത്ഥികള്‍ക്കും ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC), നോർത്ത് വെസ്റ്റേണ്‍ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NWKRTC), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KKRTC) എന്നിവ വഴി ഓരോന്നിലും രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികള്‍ക്കും ഗുണം ചെയ്യും.
കഴിഞ്ഞ മൂന്നാം തീയതിയാണ് ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പദ്ധതിയെ കുറിച്ച് ഡി കെ ശിവകുമാർ പ്രഖ്യാപിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് സാങ്കേതികമായ ചില വിഷയങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും വിശദമായ മാർഗനിർദേശങ്ങള്‍ ഉള്‍പ്പെടുന്ന ഉത്തരവ് സർക്കാർ പുറത്തിറക്കുമെന്നും സർക്കാർ അറിയിച്ചു.പദ്ധതിയുടെ ആകെ സാമ്പത്തിക ബാധ്യത കണക്കാക്കുമ്പോള്‍ സർക്കാർ സബ്‌സിഡി ഉള്‍പ്പെടെ വാർഷിക ചെലവ് 1,700 കോടി രൂപ വരെ എത്തും. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ 92 ശതമാനം പ്രദേശങ്ങളിലും സേവനം ലഭ്യമാണ്. റോഡ് സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ മാത്രമാണ് സർവീസ് നടത്താൻ കഴിയാത്തതെന്നും അവർ വ്യക്തമാക്കി. പാസുകള്‍ ബന്ധപ്പെട്ട ആർടിസി ബസ് സ്റ്റേഷനുകളില്‍ നിന്ന് ലഭ്യമാകും.സംസ്ഥാനത്തെ വിദ്യാർത്ഥിനികള്‍ക്ക് നേരത്തെ തന്നെ ‘ശക്തി’ പദ്ധതിയുടെ ഭാഗമായി സൗജന്യ യാത്ര ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.