നടി ആലിയ ഭട്ടില്‍നിന്ന് 77 ലക്ഷം രൂപ അപഹരിച്ചുവെന്ന കേസില്‍ മുൻ പേഴ്സണല്‍ അസിസ്റ്റന്റ് അറസ്റ്റില്‍. വേദിക പ്രകാശ് ഷെട്ടി (32) ആണ് അറസ്റ്റിലായത്.ആലിയയുടെ പ്രൊഡക്ഷൻ കമ്ബനിയായ എറ്റേണല്‍ സണ്‍ഷൈൻ പ്രൊഡക്ഷൻസിലും നടിയുടെ വ്യക്തിഗത അക്കൗണ്ടുകളിലും 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ നടത്തിയതായാണ് ആരോപണം. ആലിയയുടെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാൻ ജനുവരി 23-ന് ജുഹു പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.ഇതേത്തുടർന്ന് വിശ്വാസവഞ്ചന, വഞ്ചന കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പോലീസ് വേദിക ഷെട്ടിക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. 2022 മെയ് മാസത്തിനും 2024 ഓഗസ്റ്റിനും ഇടയിലാണ് തട്ടിപ്പ് നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. 2021 -2024 കാലത്താണ് ആലിയ ഭട്ടിന്റെ പേഴ്സണല്‍ അസിസ്റ്റന്റായി വേദിക ഷെട്ടി പ്രവർത്തിച്ചിരുന്നത്.ഈ കാലയളവില്‍ നടിയുടെ സാമ്ബത്തിക രേഖകളും പണമിടപാടുകളും കൈകാര്യം ചെയ്തിരുന്നത് അവരായിരുന്നു. അവരുടെ ഷെഡ്യൂളുകളടക്കം തയ്യാറാക്കുകയും ചെയ്തിരുന്നു. വേദിക ഷെട്ടി വ്യാജ ബില്ലുകള്‍ തയ്യാറാക്കി ഭട്ടിനെക്കൊണ്ട് അവ ഒപ്പിടുവിച്ച് പണം തട്ടിയെടുത്തു എന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് പറയുന്നു.
നടിയുടെ യാത്രകള്‍ക്കും മീറ്റിങ്ങുകള്‍ക്കും മറ്റ് അനുബന്ധ കാര്യങ്ങള്‍ക്കും വേണ്ടി ചെലവായ തുക എന്നാണ് അവർ നടിയോട് പറഞ്ഞിരുന്നത്. വ്യാജ ബില്ലുകള്‍ യഥാർത്ഥമാണെന്ന് തോന്നിപ്പിക്കാൻ വേദിക ഷെട്ടി പ്രൊഫഷണല്‍ ടൂളുകള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.നടി ബില്‍ ഒപ്പിട്ട ശേഷം തുക വേദിക അവരുടെ ഒരു സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു, ആ സുഹൃത്ത് പിന്നീട് ഈ പണം വേദിക ഷെട്ടിക്ക് തിരികെ കൈമാറുകയായിരുന്നു ചെയ്തിരുന്നത്.
റസ്ദാൻ പോലീസ് പരാതി നല്‍കിയതിനു ശേഷം വേദിക ഷെട്ടി ഒളിവില്‍ പോയി. ഒളിത്താവളങ്ങള്‍ അവർ മാറ്റിക്കൊണ്ടിരുന്നു. ആദ്യം രാജസ്ഥാനിലേക്കും പിന്നീട് കർണാടകയിലേക്കും പിന്നീട് പുണെയിലേക്കും അതിനുശേഷം ബെംഗളൂരുവിലേക്കും അവർ യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഒടുവില്‍ ജുഹു പോലീസ് ബെംഗളൂരുവില്‍ നിന്നാണ് അവരെ അറസ്റ്റ് ചെയ്തു. തുടർന്ന് ട്രാൻസിറ്റ് റിമാൻഡില്‍ മുംബൈയില്‍ എത്തിച്ചിട്ടുണ്ട്