ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് കണക്കുകൂട്ടലുകളിലെ പിഴവ് ചൂണ്ടിക്കാട്ടി യാത്രക്കാർ രംഗത്ത്. ഡിപിആറില്‍ പറഞ്ഞ കണക്കും യഥാര്‍ത്ഥത്തില്‍ മെട്രോ വാങ്ങുന്ന നിരക്കും തമ്മില്‍ വലിയ വ്യത്യാസമാണ്.മെട്രോ ഫേസ് 3എ-യുടെ 2024 ജൂണില്‍ വന്ന ഡിപിആർ പ്രകാരം, ഓരോ മൂന്ന് വർഷത്തിലും ടിക്കറ്റ് നിരക്ക് 12% നിരക്ക് വർദ്ധന ഉണ്ടാകുമെന്നാണ് കണക്കാക്കിയിരുന്നത്. ഇങ്ങനെ 2031ലെത്തുമ്പോള്‍ പരമാവധി ടിക്കറ്റ് നിരക്ക് 75 രൂപയാകും. എന്നാല്‍ നമ്മ മെട്രോയില്‍ ഇപ്പോള്‍ തന്നെ പരമാവധി നിരക്ക് 90 രൂപയാണ്.യാത്രാ നിരക്ക് നിർണയ സമിതി (ഫെയർ ഫിക്സേഷൻ കമ്മറ്റി) നിശ്ചയിച്ചിരുന്ന നിരക്ക് വർധനയ്ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. അടിസ്ഥാന നിരക്ക് തന്നെ 105% കൂട്ടിയിരുന്നു മെട്രോ അധികൃതർ. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് വർധന 71 ശതമാനമായി കുറച്ചു.
ഈ നിരക്കിന്മേലാണ് പുതിയ നിരക്ക് നിർണയ സമിതിയുടെ ശുപാർശ പ്രകാരം വർഷാവർഷം 5 ശതമാനം വെച്ച് വർധിപ്പിക്കാൻ പോകുന്നത്.യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് നിരക്ക് വർധന പോകുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കുള്ള മെട്രോയാണ് ബെംഗളൂരുവിലേത്. ഈ വിഷയത്തില്‍ വലിയ പ്രതിഷേധം നടന്നിട്ടും നമ്മ മെട്രോ അധികാരികള്‍ മൗനം പാലിക്കുകയാണ്.ഇനിയൊരു നിരക്ക് വർദ്ധന നടപ്പിലാക്കുന്നതിന് മുൻപ് നിലവിലെ തെറ്റായ യാത്രാനിരക്ക് ഘടന തിരുത്തണമെന്ന ആവശ്യമാണ് യാത്രക്കാരില്‍ നിന്ന് ഉയരുന്നത്. നിരക്ക് നിർണ്ണയിച്ചതിലെ പിഴവുകള്‍ പരിഹരിക്കാതെ വീണ്ടും 5% വാർഷിക വർദ്ധന അടിച്ചേല്‍പ്പിക്കരുത്. ഇതുകൂടാതെ മെട്രോ നഷ്ടത്തിലാണെന്നും മറ്റുമുള്ള പതിവ് പല്ലവി ആവർത്തിക്കാതെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാൻ നമ്മ മെട്രോ തയ്യാറാകണമെന്നും ആവശ്യമുണ്ട്.
ബി എം ആർ സി എല്ലിന്റെ വരവ്, ചെലവ്, ലാഭം എന്നിവ കൃത്യമായി വ്യക്തമാക്കുന്ന ഒരു ധവളപത്രം പുറത്തിറക്കണംമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. എങ്ങനെയാണ് നിരക്കുകള്‍ നിർണ്ണയിക്കുന്നതെന്ന് അറിയാൻ യാത്രക്കാർക്ക് അവകാശമുണ്ട്. മെട്രോ ലാഭത്തിലാണോ, നഷ്ടത്തിലാണോ എന്ന് കൃത്യമായി അറിയാനും, ടിക്കറ്റ് വരുമാനം മോശമാണോയെന്ന് വിലയിരുത്താനുമെല്ലാം യാത്രക്കാർക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിരക്ക് നിർണ്ണയ പ്രക്രിയയില്‍ യാത്രക്കാർക്കും മതിയായ പ്രാതിനിധ്യം ലഭിക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.