കണ്ണൂർ: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ മറവില്‍ പുരുഷന്മാർക്ക് സൗജന്യ യാത്രയ്ക്കുള്ള ‘സീറോ ടിക്കറ്റ്’ നല്‍കുന്ന കെഎസ്‌ആർടിസി കണ്ടക്ടർമാർക്കെതിരെ പിരിച്ചുവിടല്‍ അടക്കമുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോണ്‍ മുന്നറിയിപ്പ് നല്‍കി നല്‍കി.ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്താൻ പരിശോധന കർശനമാക്കിയതായും തെറ്റ് ചെയ്യുന്നവർക്കെതിരെ യൂണിയൻ ഭേദമന്യേ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് തുടക്കത്തില്‍ ചില കണ്ടക്ടർമാർ പറഞ്ഞിരുന്നുവെങ്കിലും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഇനി മനഃപൂർവം ഇത്തരത്തില്‍ സീറോ ടിക്കറ്റ് നല്‍കുന്നതായി കണ്ടാല്‍ സസ്‌പെൻഷനോ പിരിച്ചുവിടലോ നേരിടേണ്ടിവരുമെന്ന് കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. പുരുഷന്മാരില്‍ നിന്ന് ടിക്കറ്റ് തുക ഈടാക്കിയ ശേഷം സീറോ ടിക്കറ്റ് നല്‍കുന്നത് ഗൗരവമുള്ള കുറ്റകൃത്യമാണ്. ഇത്തരക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്നും പദ്ധതി നടത്തിപ്പിനുള്ള തുക സർക്കാർ കെഎസ്‌ആർടിസിക്ക് നല്‍കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.അതേസമയം, പ്രിയദർശിനി ബസുകളിലെ ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാർ തടയുകയോ ആക്രമിക്കുകയോ ചെയ്യുന്ന സംഭവങ്ങളെയും മന്ത്രി അപലപിച്ചു. ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ ഉന്നയിച്ച ആശങ്കകള്‍ പഠിക്കാൻ നിയോഗിച്ച പദ്മകുമാർ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.