Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു വന്ദേഭാരത് 16 കോച്ചാക്കുമ്പോള്‍ കോട്ടയത്തിന് കണക്‌ഷൻ ട്രെയിൻ വേണം; യാത്രാക്ലേശത്തിന് പരിഹാരം തേടി യാത്രക്കാര്‍

ബെംഗളൂരു വന്ദേഭാരത് 16 കോച്ചാക്കുമ്പോള്‍ കോട്ടയത്തിന് കണക്‌ഷൻ ട്രെയിൻ വേണം; യാത്രാക്ലേശത്തിന് പരിഹാരം തേടി യാത്രക്കാര്‍

by ടാർസ്യുസ്

കോട്ടയം: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് 16 കോച്ചുകളായി ഉയർത്തുമ്പോള്‍, കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണക്‌ഷൻ സർവീസ് ഏർപ്പെടുത്തണമെന്ന് യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു.തെക്കൻ കേരളത്തില്‍ നിന്നു ബെംഗളൂരുവില്‍ ജോലിക്കും പഠനത്തിനുമായി താമസിക്കുന്ന നിരവധി പേർക്ക് ഓണക്കാലത്തും ഉത്സവവേളകളിലും വലിയ യാത്രാപ്രതിസന്ധിയാണ് നേരിടേണ്ടിവരുന്നത്. സ്വകാര്യ ബസുകള്‍ ഉയർന്ന നിരക്ക് ഈടാക്കുന്ന സാഹചര്യത്തില്‍, വന്ദേഭാരത് 16 കോച്ചാക്കാനുള്ള റെയില്‍വേ തീരുമാനം വലിയ ആശ്വാസമാണ്. എങ്കിലും എറണാകുളം വരെ എത്തിച്ചേരുന്നതിലെ പ്രയാസങ്ങള്‍ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ 8 കോച്ചുകള്‍ ഉപയോഗിച്ചാണ് ബെംഗളൂരു വന്ദേഭാരത് സർവീസ് നടത്തുന്നത്.

രാവിലെ 09.30 ന് കോട്ടയത്ത് എത്തിച്ചേരുന്ന 56005 പാസഞ്ചറിന്റെ റേക്ക് വൈകിട്ട് 05.20 വരെ പ്ലാറ്റ്ഫോമില്‍ വെറുതേ കിടക്കുകയാണ്. രാവിലെ 11.30ന് കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് ഒരു സർവീസ് നടത്തിയാല്‍ എറണാകുളം ജംക്‌ഷനില്‍ നിന്നുള്ള വന്ദേഭാരത് അടക്കം നിരവധി ട്രെയിനിലെ യാത്രക്കാർക്ക് പ്രയോജനപ്പെടും. തെക്കൻ കേരളത്തില്‍ നിന്നുള്ളവർക്ക് എറണാകുളത്തെ ട്രാഫിക് മറികടന്ന് ജംക്‌ഷനില്‍ എത്തിച്ചേരുകയെന്നത് വെല്ലുവിളിയാണ്. അതിനായി അതിരാവിലെ വീടുകളില്‍ നിന്ന് പുറപ്പെടേണ്ടി വരുന്നത് മൂലം വന്ദേഭാരതിലൂടെ ലഭിക്കുന്ന സമയലാഭം നഷ്ടപ്പെടുന്നു. ശബരിമല മണ്ഡല കാലത്തും ഈ സർവീസ് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.ഉച്ചയ്ക്ക് 14:20 നാണ് ബെംഗളൂരുവിലേള്ള വന്ദേഭാരത് എറണാകുളത്ത് നിന്ന് പുറപ്പെടുന്നത്. കോട്ടയത്ത് നിന്നുള്ള പാസഞ്ചർ ഉച്ചയ്ക്ക് 13.30ന് എറണാകുളം ജംക്‌ഷനില്‍ എത്തിച്ചേരുകയും ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ജംക്‌ഷനില്‍ നിന്ന് പുറപ്പെടുകയും ചെയ്യുന്ന വിധം ക്രമീകരിച്ചാല്‍ ബെംഗളൂരുവില്‍ നിന്നുള്ള വന്ദേഭാരതില്‍ ഇറങ്ങുന്നവർക്ക് മാത്രമല്ല, എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് ശേഷം ട്രെയിൻ ഇല്ലെന്ന യാത്രക്കാരുടെ പരാതികള്‍ക്കും പരിഹാരമാകും.

ഇപ്പോള്‍ വൈകിട്ട് വേണാട് എക്സ്പ്രസ് ട്രെയിനില്‍ കയറിപറ്റുകയെന്നത് യാത്രക്കാർ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. 01.55 നുള്ള പരശുറാം എക്സ്പ്രസ് കടന്നുപോയാല്‍ നീണ്ട ഇടവേളയാണ് എറണാകുളത്ത് നിന്നുള്ള തിരക്ക്‌ അനിയന്ത്രിതമായി വർധിക്കാൻ കാരണമാകുന്നത്.ബെംഗളൂരുവില്‍ നിന്നുള്ള വന്ദേഭാരത്‌ ഉച്ചയ്ക്ക് 01.50 നാണ് എറണാകുളം ജംക്‌ഷനില്‍ എത്തിച്ചേരുന്നത്. തിരിച്ചുള്ള പാസഞ്ചർ മൂന്നു മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ടാല്‍ കോട്ടയത്ത് 16.30 ന് എത്തിച്ചേരുകയും പതിവുപോലെ 17:20 ന് 56006 കോട്ടയം – എറണാകുളം പാസഞ്ചറായി സർവീസ് തുടരാനും കഴിയും.എറണാകുളത്തെ വിവിധ ആശുപത്രികളിലെ ഷിഫ്റ്റ്‌ ഉച്ചയ്ക്ക് രണ്ടുമണിയോടെ അവസാനിക്കും. വിവിധ ഓഫിസ് ആവശ്യങ്ങള്‍ക്കായി എറണാകുളം എത്തിയവരും മറ്റു മാർഗമില്ലാതെ എറണാകുളം ടൗണ്‍, തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനുകളില്‍ മണിക്കൂറോളം ട്രെയിൻ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ബസ് മാർഗം രണ്ടര- മൂന്നു മണിക്കൂർ ഓട്ടമാണ് എറണാകുളത്ത് നിന്ന് കോട്ടയത്തേക്കുള്ളത്.

എന്നാല്‍ ട്രെയിനില്‍ ഒരു മണിക്കൂറുകൊണ്ട് എത്തിച്ചേരാമെന്നതിനാല്‍ രണ്ട് മണിക്കൂറോളം കാത്തുനില്‍ക്കാനും യാത്രക്കാർ മടി കാണിക്കാറില്ല. ബസ് ചാർജുമായി തട്ടിച്ചുനോക്കുമ്പോള്‍ ട്രെയിൻ നിരക്കുകള്‍ പകുതിയെ ആകുന്നുള്ളുവെന്നതും സ്വീകാര്യത വർധിപ്പിക്കുന്നു.കാരയ്ക്കല്‍ – എറണാകുളം എക്സ്പ്രസിന്റെ റേക്ക് ഉപയോഗിച്ചാണ് 56005/06 പാസഞ്ചർ സർവീസുകള്‍ ഇപ്പോഴും ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ നിരവധി ട്രെയിനുകള്‍ എല്‍എച്ച്‌ബിയിലേയ്ക്ക് മാറ്റുമ്പോള്‍ ഒഴിവാക്കപ്പെടുന്ന ഐസിഎഫ് കോച്ചുകള്‍ ഡിവിഷൻ വേണ്ടവിധം പ്രയോജനപ്പെടുത്തില്ലെന്ന് ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് കോട്ടയം ജില്ലാ പ്രസിഡന്റ് അജാസ് വടക്കേടം ആരോപിച്ചു. ജില്ലയിലൂടെ കടന്നുപോകുന്ന സർവീസുകളില്‍ കാലെടുത്ത് വയ്ക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഈ അവസരത്തില്‍ കോട്ടയത്ത് നിന്ന് ഒരു പാസഞ്ചർ എങ്കിലും അനുവദിച്ചാല്‍ മറ്റുള്ള ട്രെയിനുകളിലെ ഇടിച്ചുകയറ്റത്തിനും അല്‍പം ആശ്വാസമാകും. യാത്രാക്ലേശം പരിഹരിക്കുന്നതിന് ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group