ബെംഗളൂരു∙ കസവനഹള്ളിയിൽ 30ന് രാത്രി മലയാളി കുടുംബം സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമി സംഘത്തിലെ പ്രധാനിയും ബെലന്തൂർ സ്വദേശിയുമായ കൃഷ്ണമൂർത്തിയെ (24)യാണ് പാരപ്പന അഗ്രഹാര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിക്കായി തിരച്ചിൽ വ്യാപിപ്പിച്ചു. ചിക്കനായകനഹള്ളി ആസ്ട്രോ ഗ്രീൻ കാസ്കേഡ് ലേഔട്ടിൽ നിന്നുള്ള അനൂപ് ജോർജിന്റെ കുടുംബത്തിനു നേരെ നടന്ന അക്രമത്തിൽ മകൻ സ്റ്റീവിന്റെ (5) തലയ്ക്കു പരുക്കേറ്റിരുന്നു.
ഇവരുടെ കാർ അക്രമികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു കനവനഹള്ളി ചൂഡസന്ദ്രയിൽ തടഞ്ഞു നിർത്തി അക്രമിച്ചത്. ഭാര്യ ജിസ്, മക്കളായ സ്റ്റീവ്, സെലസ്റ്റ എന്നിവരാണ് അനുപിനൊപ്പം കാറിലുണ്ടായിരുന്നത്. പിൻഭാഗത്തെ ഗ്ലാസ് അക്രമികൾ കല്ലെറിഞ്ഞു തകർത്തു.