Home Featured ‘സ്വന്തം മൂത്രം കുടിക്കുന്നതിനാണ് എന്നെ തെറി വിളിക്കുന്നത്’; മൂത്രചികിത്സയെ പിന്തുണച്ച്‌ വീണ്ടും കൊല്ലം തുളസി

‘സ്വന്തം മൂത്രം കുടിക്കുന്നതിനാണ് എന്നെ തെറി വിളിക്കുന്നത്’; മൂത്രചികിത്സയെ പിന്തുണച്ച്‌ വീണ്ടും കൊല്ലം തുളസി

by admin

തൃശൂര്‍: മൂത്ര ചികിത്സയെ പിന്തുണച്ച്‌ വീണ്ടും നടന്‍ കൊല്ലം തുളസി. ഏത് അസുഖത്തിനും മൂത്രം കുടിച്ചാല്‍ മതിയെന്നാണ് കൊല്ലം തുളസിയുടെ അവകാശവാദം. മനുഷ്യമൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അസുഖങ്ങള്‍ക്ക് ആശുപത്രിയില്‍ കയറിയിറങ്ങേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ കാന്‍സറിനെ അതിജീവിച്ചത് മൂത്രം കുടിച്ചതുകൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘എനിക്ക് ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ അതിനെ അതിജീവിക്കാന്‍ പല വഴികളും തേടി. അങ്ങനെയാണ് യൂറിന്‍ തെറാപ്പിയെ കുറിച്ച്‌ അറിഞ്ഞത്. അതിലൂടെ ഞാന്‍ രോഗത്തെ അതിജീവിച്ചു. ഇപ്പോള്‍ എനിക്ക് 75 വയസായി. ഇനിയൊരു 25 വര്‍ഷം കൂടി ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം” കൊല്ലം തുളസി പറഞ്ഞു.

എന്റെ ബലത്തിന്, ശക്തിക്ക് എന്റെ രക്ഷകനായി മൂത്രം ഉള്ളിടത്തോളം ഞാന്‍ നിലനില്‍ക്കും, ഉറപ്പാണ്, അദ്ദേഹം പറഞ്ഞു. മൂത്രം പരിപാവനവും പരിശുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ ചെലവുകള്‍ താങ്ങാനാവാത്ത പാവപ്പെട്ടവരെ കണ്ടെത്തി അവരെ പറഞ്ഞു മനസിലാക്കേണ്ട ധാര്‍മികമായ കടമ നമുക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പലരും പല അസുഖത്തിനും മൂത്രം കുടിക്കാറുണ്ടെങ്കിലും പുറത്ത് പറയാന്‍ മടിക്കുകയാണ് എന്നും താരം പറഞ്ഞു.

നമ്മള്‍ തമ്മില്‍ ഇനിയും കാണണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ മൂത്രം കുടിച്ചു തുടങ്ങണം എന്നും അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയവരോടായി പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ ലോകം ഇക്കാര്യം ഉറക്കെ പറയുന്ന അവസരം വരുമെന്നും താന്‍ ഇക്കാര്യം ഉറക്കെപ്പറയുന്നതിന് വളരെ മ്ലേച്ചമായ തെറികള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട് എന്നും കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു.

‘എന്റെ മൂത്രം ഞാന്‍ കുടിക്കുന്നതിനാണ് ഞാനീ തെറി കേള്‍ക്കുന്നത്. അസുഖം വന്നാല്‍ ആശുപത്രികള്‍ കയറിയിറങ്ങി സാധാരണക്കാരന്റെ ജീവിതം താറുമാറാകും. ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപ ചെലവായാലും ജീവന്‍ തിരിച്ചുകിട്ടാത്ത അവസ്ഥയാണ്. യാതൊരു വിലയുമില്ലാതെ കിട്ടുന്ന വസ്തുവാണ് മൂത്രം. ഭാര്യയറിയാതെ ഭര്‍ത്താവിനും ഭര്‍ത്താവറിയാതെ ഭാര്യക്കും കുടിക്കാം. ഇതിന് ഒരു നാറ്റവുമില്ല,’ അദ്ദേഹം പറഞ്ഞു.

സകലവിധ അസുഖങ്ങള്‍ക്കും നാണം തോന്നാതെ മൂത്രം കുടിക്കണം എന്നും അന്യന്റേതല്ല, സ്വന്തം മൂത്രം കുടിക്കാനാണ് പറയുന്നത് എന്നും കൊല്ലം തുളസി പറഞ്ഞു. ഇതാദ്യമായല്ല മൂത്ര ചികിത്സയെ കൊല്ലം തുളസി പിന്തുണക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി താന്‍ യൂറിന്‍ തെറാപ്പി ചെയ്യുന്നുണ്ട് എന്നാണ് കൊല്ലം തുളസി അവകാശപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group