ബെംഗളൂരു:വെള്ളിയാഴ്ച സ്ഫോടനം നടന്ന നഗരത്തിലെ പ്രശസ്തമായ രാമേശ്വരം കഫേയുടെ ബ്രൂക്ക്ഫീല്‍ഡ് ഔട്ട്ലെറ്റ് മാർച്ച് എട്ടിന് വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു.ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ശ്രദ്ധിക്കണമെന്നും കർശന നടപടിയെടുക്കണമെന്നും രാമേശ്വരം കഫേ സഹസ്ഥാപകനും സിഇഒയുമായ രാഘവേന്ദ്ര റാവു ആവശ്യപ്പെട്ടു.
അതേസമയം ആവശ്യമെങ്കില്‍ രാമേശ്വരം കഫേ സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (NIA) കൈമാറുന്ന കാര്യം സർക്കാർ പരിഗണിച്ചേക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചു. ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ കണ്ടെത്താനും അത്തരം പ്രദേശങ്ങളില്‍ പൊലീസ് പട്രോളിംഗ് വർദ്ധിപ്പിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി.
‘പ്രതിയെ തിരിച്ചറിഞ്ഞു’
സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്ത ശേഷം കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ 30 നും 35 നും ഇടയില്‍ പ്രായമുള്ള പ്രതിയെ തിരിച്ചറിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. ഷർട്ടും കറുത്ത ട്രൗസറും കറുത്ത ഷൂസുമാണ് ധരിച്ചിരിക്കുന്നത്. കറുത്ത ബാഗുമായി ഇടതുകൈയില്‍ മൊബൈല്‍ ഫോണും പിടിച്ച് 11.34ന് കഫേയില്‍ കയറിയ ഇയാള്‍ 11.50ഓടെ പുറത്തിറങ്ങി.
ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ (ബിഎംടിസി) വോള്‍വോ ബസിലാണ് യുവാവ് സഞ്ചരിച്ചത്. ഇയാളുടെ യാത്രാവിവരങ്ങള്‍ അറിയാൻ ബിഎംടിസി നല്കിയ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. എസിപി നവീൻ കുല്‍ക്കർണിയുടെ കീഴിലുള്ള സെൻട്രല്‍ ക്രൈംബ്രാഞ്ചാണ് (സിസിബി) കേസ് അന്വേഷിക്കുന്നത്.
കഫേയില്‍ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ 10 പേർക്ക് പരുക്കേറ്റിരുന്നു. രാമേശ്വരം കഫേ പ്രശസ്തമായ ഹാംഗ്ഔട്ടുകളില്‍ ഒന്നാണ്, ഉച്ചഭക്ഷണ സമയങ്ങളില്‍ സാധാരണഗതിയില്‍ വളരെ തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.