കണ്ണൂര്‍: മുംബൈയില്‍ നിന്നും കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. വിമാനത്തിനകത്ത് പേപ്പറില്‍ ഭീഷണി സന്ദേശം എഴുതി വെച്ചുവെന്നാണ് വിവരം.കണ്ണൂരില്‍ വിമാനം ലാൻഡ് ചെയ്തു. നിലവില്‍ ഐസോലേഷൻ റണ്‍വേയില്‍ നിർത്തിയിട്ടിരിക്കുകയാണ്. യാത്രക്കാർ പുറത്തിറങ്ങിത്തുടങ്ങിയെന്നും പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.ബെംഗളൂരുവില്‍ നിന്നും മുംബൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടർന്ന് സർവീസ് വൈകിയിരുന്നു. ഇൻഡിഗോയുടെ 6E 6283 എന്ന ഫ്ലൈറ്റാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തിരമായി ബെംഗളൂരു വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കി.
ഇന്നലെയാണ് അപകടം നടന്നതെങ്കിലും ഇന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ ഇക്കാര്യം പുറത്തുവിട്ടത്.വെള്ളിയാഴ്ച ബെംഗളൂരു വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തില്‍ പക്ഷി ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടം ശ്രദ്ധയില്‍പ്പെട്ടയുടൻ തന്നെ പൈലറ്റ് ജാഗ്രത പാലിക്കുകയും മുൻകരുതല്‍ നടപടിയെന്നോണം വിമാനം സുരക്ഷിതമായി തിരികെ റണ്‍വേയില്‍ ഇറക്കുകയും ചെയ്തു. തുടർന്ന് എൻജിനീയർമാർ എത്തി വിമാനത്തിന് എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകളോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിച്ചു.