ബെംഗളൂരു: നമ്മ മെട്രോ പിങ്ക് ലൈന്‍ ട്രെയിനുകളെ സംബന്ധിക്കുന്ന ഓസിലേഷന്‍ റിപ്പോര്‍ട്ട് BMRCL-ന് ലഭ്യമായി. ഇതോടെ ഓഗസ്റ്റ് 15 നകം ഈ പാതയില്‍ സര്‍വീസ് ആരംഭിച്ചേക്കുമെന്നാണ് സൂചനകള്‍.റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ (RDSO) ഓസിലേഷന്‍ സര്‍ട്ടിഫിക്കറ്റും റിപ്പോര്‍ട്ടും ലഭിച്ചതായി BMRCL-ന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.’ഓസിലേഷന്‍ റിപ്പോര്‍ട്ടില്‍ ട്രെയിനുകള്‍ക്ക് വേഗത നിയന്ത്രണങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ല. 90 കിലോമീറ്റര്‍ വേഗതയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയാണ് ചെയ്തിരിക്കുന്നത്’ – പേര് വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത ഒരു BMRCL ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഏപ്രില്‍ 28 മുതല്‍ മെയ് 9 വരെ 12 ദിവസത്തെ ഓസിലേഷന്‍ ട്രയലുകളും എമര്‍ജന്‍സി ബ്രേക്കിങ് ഡിസ്റ്റന്‍സ് (ഇബിഡി) ടെസ്റ്റുകളും ആര്‍ഡിഎസ്‌ഒ ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.ഒരു തീവണ്ടി പൊതുസേവനത്തിനായി അംഗീകരിക്കപ്പെടുന്നതിന് മുമ്പ് അതിന്റെ പരമാവധി സുരക്ഷിതമായ പ്രവര്‍ത്തന വേഗത നിര്‍ണയിക്കുന്നത് ഓസിലേഷന്‍ പരീക്ഷണങ്ങളാണ്. സുരക്ഷിതമായി നിര്‍ത്താനുള്ള ട്രെയിനിന്റെ ശേഷിയടക്കമാണ് പരിശോധിക്കുന്നത്.അതേസമയം BMRCL പ്രസ്തുത ഓസിലേഷന്‍ റിപ്പോര്‍ട്ട് മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ക്ക് (സിഎംആര്‍എസ്) സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി, ഈ മാസം അവസാനം, CMRS കോത്തനൂര്‍ ഡിപ്പോയില്‍ ട്രെയിനിന്റെ പരിശോധന നടത്തും.ഇതിനൊപ്പം, വാഷിങ് പ്ലാന്റ്, വാട്ടര്‍ ജെറ്റ്, ട്രെയിന്‍-ലിഫ്റ്റിംഗ് പിറ്റ് ജാക്കുകള്‍ എന്നിവയുള്‍പ്പടെയുള്ള അറ്റകുറ്റപ്പണി സൗകര്യങ്ങള്‍ CMRS ഉദ്യോഗസ്ഥര്‍ അവലോകനം ചെയ്യുമെന്നും BMRCL ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
സിഗ്‌നലിങ്, ട്രെയിന്‍ നിയന്ത്രണ സംവിധാനങ്ങളുടെയും മറ്റ് ഉപസിസ്റ്റങ്ങളുമായുള്ള അവയുടെ ഇന്റര്‍ഫേസുകളുടെയും സുരക്ഷ എന്നിവ വിലയിരുത്തി നല്‍കുന്നതാണ് ISA സര്‍ട്ടിഫിക്കേഷന്‍. ബെംഗളൂരു ആസ്ഥാനമായുള്ള ജോഡോവ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ISA സര്‍ട്ടിഫിക്കറ്റ് നല്‍കുക.മുഴുവന്‍ ലൈനിന്റെയും നിയമപരമായ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കുന്നതില്‍ CMRS ന് അനിവാര്യമായ അവസാനത്തെ നിര്‍ണായക രേഖകളില്‍ ഒന്നാണിത്. ജൂലൈ അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നും, പിങ്ക് ലൈനിന്റെ ഉയരപ്പാതാ ഭാഗം ഓഗസ്റ്റ് 15 നകം തുറക്കാന്‍ കഴിയുമെന്നും BMRCL പ്രതീക്ഷിക്കുന്നു.ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈന്‍7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഭാഗം കലേന അഗ്രഹാരയെ താവരക്കരെയുമായി ആറ് സ്റ്റേഷനുകള്‍ വഴി ബന്ധിപ്പിക്കുന്നു. ഈ പാത യാഥാര്‍ഥ്യമാകുന്നതോടെ ബെംഗളൂരു നമ്മ മെട്രോ ശൃംഖല 103.6 കിലോമീറ്ററായി വികസിപ്പിക്കും.ഇതോടെ മുംബൈ മെട്രോയില്‍ നിന്ന് രാജ്യത്തെ ഏറ്റവും വിപുലമായ രണ്ടാമത്തെ മെട്രോ ശൃംഖലയെന്ന സ്ഥാനം (101.43 കിലോമീറ്റര്‍) തിരിച്ചുപിടിക്കാന്‍ BMRCL-ന് സാധിക്കും.
BEML പിങ്ക് ലൈനിലേക്കായി ആറ് ട്രെയിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.വരും ആഴ്ചകളില്‍ കൂടുതല്‍ ട്രെയിനുകള്‍ വിതരണം ചെയ്യപ്പെടുമെന്നാണ് BMRCL-ന്റെ പ്രതീക്ഷ. പീക്ക്-അവര്‍ ഫ്രീക്വന്‍സി ഏകദേശം 5 മിനിട്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, സ്റ്റേഷന്‍ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടമായ ആര്‍ക്കിടെക്ചറല്‍ ഫിനിഷിങ് ജോലികള്‍ ഇപ്പോഴും നടന്നുവരികയാണ്.പിങ്ക് ലൈനിന്റെ 13.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭൂഗര്‍ഭ ഭാഗം (ഡയറി സര്‍ക്കിള്‍-നാഗവാര പാത) ഈ വര്‍ഷം ഡിസംബറില്‍ തുറന്നുകൊടുക്കാനാണ് BMRCL ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തിലേക്കുള്ള ട്രെയിന്‍സെറ്റുകള്‍ തന്നെയാണ് സര്‍വീസ് നടത്തുക എന്നതിനാല്‍ പുതിയ റോളിങ് സ്റ്റോക്ക് അനുമതി ആവശ്യമുണ്ടാകില്ല.