ബെംഗളൂരു: ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബി എം ആർ സി എല്‍) ആഗസ്റ്റ് 15 മുതല്‍ ആറ് പുതിയ സ്റ്റേഷനുകളിലേക്ക് മെട്രോ സർവീസ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.ഏഷ്യാനെറ്റ് സുവർണ ന്യൂസ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ബി എം ആർ സി എല്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.പൊതുജനങ്ങള്‍ക്കായി തുറക്കുന്നതിന് മുന്നോടിയായി പിങ്ക് ലൈനില്‍ വിവിധ ഘട്ടങ്ങളിലുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. വിദഗ്ധരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സംഘം പാതയും അനുബന്ധ സംവിധാനങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്. സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നതിനുള്ള ഗുണനിലവാര പരിശോധനകള്‍ ഉള്‍പ്പെടെ നിരവധി പരീക്ഷണങ്ങള്‍ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
ട്രെയിൻ ഓടുമ്പോള്‍ അതിന്റെ സ്ഥിരതയും സുരക്ഷയും വിലയിരുത്തുന്ന ഓസിലേഷൻ ടെസ്റ്റും വിജയകരമായി പൂർത്തിയായതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ പിങ്ക് ലൈൻ പ്രവർത്തനം തുടങ്ങുന്നതിനുള്ള പ്രധാന സാങ്കേതിക നടപടികളില്‍ ഭൂരിഭാഗവും പൂർത്തിയായിരിക്കുകയാണ്.കലേന അഗ്രഹാരയില്‍ നിന്ന് തവരെക്കെരെ വരെയുള്ള 7.5 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് ആദ്യഘട്ടത്തില്‍ യാത്രക്കാർക്കായി തുറന്നുകൊടുക്കാൻ സാധ്യതയുള്ളത്. ആഗസ്റ്റ് 15-ഓടെയാണ് ഈ ഭാഗത്ത് സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. ഈ റൂട്ടില്‍ ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 90 കിലോമീറ്റർ വരെ വേഗത്തില്‍ സർവീസ് നടത്താനുള്ള അനുമതിയും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.നിലവില്‍ സുരക്ഷാ പരിശോധനയുടെ അവസാനഘട്ട നടപടികളാണ് പുരോഗമിക്കുന്നത്. ഇവ വിജയകരമായി പൂർത്തിയായാല്‍ മെട്രോ റെയില്‍ തുറന്നുനല്‍കാനുള്ള നടപടികളിലേക്ക് ബി എം ആർ സി എല്‍ കടക്കും. പുതിയ സ്റ്റേഷനുകള്‍ കൂടി പ്രവർത്തനസജ്ജമാകുന്നതോടെ നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകും.
ദിവസേന മെട്രോയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.പുതിയ പാത പ്രവർത്തനം ആരംഭിക്കുന്നതോടെ ബെംഗളൂരു മെട്രോയ്ക്ക് മറ്റൊരു വലിയ നേട്ടവും സ്വന്തമാകും. ശൃംഖലയുടെ ആകെ ദൈർഘ്യം 103.6 കിലോമീറ്ററിലെത്തുന്നതോടെ രാജ്യത്തെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയായി ബെംഗളൂരു മാറും. നിലവില്‍ 101.43 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ മെട്രോയെയാണ് ഇതോടെ ബെംഗളൂരു പിന്നിലാക്കുക.അതേസമയം, പിങ്ക് ലൈനിന്റെ ഭൂഗർഭ തുരങ്കപാതയിലൂടെയുള്ള സർവീസുകള്‍ ഈ വർഷം ഡിസംബറോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. അത് യാഥാർഥ്യമായാല്‍ നഗരത്തിലെ ഗതാഗത സംവിധാനത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നും യാത്രാസമയം ഗണ്യമായി കുറയുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.