ബെംഗളൂരു: കർണാടകയിലെ സർക്കാർ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതിയുടെ ഭാഗമായി സ്മാർട്ട് കാർഡുകള്‍ പുറത്തിറക്കാൻ സർക്കാർ നടപടികള്‍ തുടങ്ങി.സർക്കാർ ബസുകളില്‍ സൗജന്യ യാത്ര നടത്തുന്ന സ്ത്രീകള്‍ക്ക് തിരിച്ചറിയല്‍ രേഖയായും ഈ സ്മാർട്ട് കാർഡ് ഉപയോഗിക്കാം. ഗതാഗത മന്ത്രി ബൈരതി സുരേഷാണ് ഇക്കാര്യം അറിയിച്ചത്.സ്ത്രീകള്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ ഈ കാർഡ് വാങ്ങാം. ഇവർക്ക് ഇതില്‍ റീചാർജ് ചെയ്യേണ്ടതില്ല. പദ്ധതിയുടെ ഭാഗമായി പുരുഷന്മാർക്കും സ്മാർട്ട് കാർഡുകള്‍ നല്‍കും. എന്നാല്‍, ഇവർക്ക് റീചാർജ് ചെയ്ത് യാത്ര ചെയ്യാൻ സാധിക്കും. ഏകദേശം 3 കോടി സ്മാർട്ട് കാർഡുകള്‍ വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി കാർഡ് നിർമ്മാണത്തിനായി ടെൻഡറുകള്‍ ക്ഷണിക്കും.
ജൂണ്‍ 11-ന് മൂന്ന് വർഷം പൂർത്തിയാക്കുന്ന ‘ശക്തി’ പദ്ധതി വൻ വിജയമാണെന്ന് സർക്കാർ വിലയിരുത്തുന്നു. പദ്ധതിക്ക് ശേഷം ബസുകളിലെ യാത്രികരുടെ എണ്ണത്തില്‍ 40 ശതമാനം വർധനവാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയില്‍ 19,771 കോടി രൂപയാണ് സർക്കാർ ഈ പദ്ധതിക്കായി ചെലവഴിച്ചത്. ഏകദേശം 753.7 കോടി സൗജന്യ ടിക്കറ്റുകളാണ് സ്ത്രീകള്‍ക്ക് മാത്രം വിതരണം ചെയ്തത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലാണ് ഏറ്റവും കൂടുതല്‍ വനിതാ യാത്രക്കാർ ഈ സേവനം പ്രയോജനപ്പെടുത്തിയത്.കൂടാതെ, ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ 1,000 ബസുകള്‍ സ്വന്തം നിലയ്ക്കും, 4,000 ഇലക്‌ട്രിക് ബസുകള്‍ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയും വാങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികള്‍ക്കായി സൗജന്യ ബസ് പാസുകള്‍ നല്‍കാനുള്ള തീരുമാനവും സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.