ബംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചുമത്തി പൊലീസുകാരൻ യുവാവില്‍നിന്ന് ഓണ്‍ലൈനില്‍ പണം തട്ടിയതായി പരാതി. ജീവൻ ഭീമാനഗർ ട്രാഫിക് പൊലീസ് യുവാവിനെ തടഞ്ഞുനിർത്തി ഗൂഗ്ള്‍ പേ വഴി പണം സ്വീകരിച്ചതായാണ് ആക്ഷേപം. കോശി വർഗീസ് എന്നയാളാണ് തന്റെ അനുഭവം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.
രാത്രി 11ഓടെ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്കു പോകുന്നതിനിടെ ഓള്‍ഡ് എയർപോർട്ട് റോഡിലെ മണിപാല്‍ ആശുപത്രിക്കു സമീപം പൊലീസ് തടഞ്ഞുനിർത്തുകയും ഒരു പരിശോധനയും നടത്താതെ മദ്യപിച്ച് വാഹനമോടിച്ചുവെന്നാരോപിച്ച് 15,000 രൂപ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് ഗൂഗ്ള്‍പേ വഴി 5000 രൂപ നല്‍കുകയായിരുന്നു. ജീവൻ ഭീമനഗർ പൊലീസ് എക്സ് ആപ്പിലൂടെ ഇതിനോട് പ്രതികരിക്കുകയും പണം ലഭിച്ച ഗൂഗ്ള്‍പേ നമ്ബർ പങ്കിടാൻ അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.