ബെംഗളൂരു:ബെംഗളൂരുവിലെത്തുന്നവർക്ക് കീശചോരാതെ താമസിക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ ‘സ്ലീപ്പിങ് പോഡുകൾ’ ഒരുങ്ങുന്നു. ഒരാൾക്ക് സുഖമായി കഴിയാവുന്ന ഇത്തരം പോഡുകൾ ബൈയ്യപ്പനഹള്ളിയിലെ വിശ്വേശരായ ടെർമിനലിലും കെ.എസ്.ആർ. സിറ്റി സ്റ്റേഷനിലുമാണ് ഒരുക്കുന്നത്. മൊബൈൽ ചാർജുചെയ്യാനുള്ള സംവിധാനം, വൈഫൈ, കിടക്ക, പുതപ്പ് തുടങ്ങിയവയെല്ലാം ഇത്തരം എ.സി. സ്ലീപ്പിങ് പോഡുകളിലുണ്ടാകും. ഏഴടി നീളവും അഞ്ചടി വീതിയുമാണ് പോഡുകൾക്കുള്ളത്.
രണ്ടുമാസത്തിനുള്ളിൽ ഇവ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇവയുടെ വാടകയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പരമാവധി കുറഞ്ഞനിരക്കിൽ യാത്രക്കാർക്ക് പോഡുകൾ ലഭ്യമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. നിലവിൽ മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ സ്ലീപ്പിങ് പോഡുകളുണ്ട്. സിംഗിൽ പോഡുകൾക്ക് ഇവിടെ 499 രൂപമുതലാണ് വാടക.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ബെംഗളൂരുവിലെത്തുന്ന മലയാളി യാത്രക്കാർക്കും നേട്ടമാകും. നാട്ടിൽനിന്നുള്ള യാത്രക്കാർ വന്നിറങ്ങുന്ന സ്റ്റേഷനുകളാണ് ബൈയ്യപ്പനഹള്ളിയും കെ.എസ്.ആറും. സമീപത്തെ ലോഡ്ജുകളിലും മറ്റും വലിയ നിരക്ക് ഈടാക്കുന്നതിനാൽ താമസിക്കാനിടംകണ്ടെത്തൽ പലപ്പോഴും യാത്രക്കാരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. സ്ലീപ്പിങ് പോഡുകൾ വരുന്നതോടെ ഈ പ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരമാകും.
രണ്ടുസ്റ്റേഷനുകളിലും പോഡുകൾ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തിയതായി ദക്ഷിണപശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ അധികൃതർ അറിയിച്ചു. സ്വകാര്യ കമ്പനിയായിരിക്കും ഇത് നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുക. വാടകയായി ഈടാക്കുന്ന തുകയുടെ നിശ്ചിതശതമാനം റെയിൽവേക്ക് കൈമാറുന്നരീതിയിലായിരിക്കും സംവിധാനം.
കബൺപാർക്കിൽ കെട്ടിടം നിർമിക്കുന്നതിനെതിരേ പ്രതിഷേധം
ബെംഗളൂരു: കബൺപാർക്കിൽ ബഹുനില കെട്ടിടം സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധവുമായി കബൺപാർക്ക് വാക്കേഴ്സ് അസോസിയേഷൻ. ഞായറാഴ്ച രാവിലെ പാർക്കിനുള്ളിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് അസോസിയേഷന്റെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ഒപ്പുശേഖരണം നടത്തി സർക്കാരിന് കൈമാറും.
2019-ലാണ് ഹോർട്ടികൾച്ചർ വകുപ്പ് കബൺപാർക്കിനുള്ളിൽ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. പ്രദർശനശാലയും മ്യൂസിയവും ഉൾപ്പെടെയായിരുന്നുപദ്ധതി. എന്നാൽ പൊതുജനങ്ങളിൽനിന്ന് കടുത്ത എതിർപ്പുയർന്നതോടെ സർക്കാർ തീരുമാനത്തിൽനിന്ന് പിന്മാറുകയായിരുന്നു.