Home തിരഞ്ഞെടുത്ത വാർത്തകൾ വന്ദേഭാരത് വൈകുന്നത് തുടര്‍ക്കഥയാകുന്നു; ബെംഗളൂരു മലയാളികള്‍ക്ക് ദുരിതയാത്ര

വന്ദേഭാരത് വൈകുന്നത് തുടര്‍ക്കഥയാകുന്നു; ബെംഗളൂരു മലയാളികള്‍ക്ക് ദുരിതയാത്ര

by ടാർസ്യുസ്

കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനുകള്‍ സ്ഥിരമായി വൈകിയോടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.ചൊവ്വാഴ്ച എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ ആറുമണിക്കൂറിലേറെ വൈകിയതോടെ യാത്രക്കാർ പ്ലാറ്റ്ഫോമില്‍ കാത്തുകിടക്കേണ്ടിവന്നു. ഒടുവില്‍ ബെംഗളൂരുവിലെത്തിയത് നിശ്ചിത സമയത്തേക്കാള്‍ ഏകദേശം ഒമ്പത് മണിക്കൂർ വൈകിയാണ്. ഉച്ചയ്ക്ക് 2.20-ന് പുറപ്പെടേണ്ടിയിരുന്ന ബെംഗളൂരു വന്ദേഭാരത് (26652) രാത്രി 9.07-നാണ് എറണാകുളം ജങ്ഷനില്‍ നിന്ന് യാത്ര തിരിച്ചത്. രാത്രി 11 മണിക്ക് ബെംഗളൂരുവില്‍ എത്തേണ്ട ട്രെയിൻ ബുധനാഴ്ച രാവിലെ 7.51-നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. അതേസമയം, ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള വന്ദേഭാരത് (26651) പുലർച്ചെ 5.10-ന് പകരം അഞ്ചുമണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്.

ജോലിക്കും പഠനത്തിനുമായി ബെംഗളൂരുവില്‍ കഴിയുന്ന ആയിരക്കണക്കിന് മലയാളികളാണ് ഈ വൈകലിന്റെ ആഘാതം നേരിടുന്നത്. രൂക്ഷമായ അസൗകര്യത്തെ തുടർന്ന് നിരവധി യാത്രക്കാർ റെയില്‍വേയുടെ ‘റെയില്‍ മദത്’ പരാതിപോർട്ടലില്‍ പരാതി നല്‍കി. പ്രശ്നം ആവർത്തിക്കുന്ന സാഹചര്യത്തില്‍ ചിലർ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും നേരിട്ട് പരാതി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകള്‍.ട്രെയിൻ വൈകുന്നതിന് ബെംഗളൂരു റെയില്‍വേ ഡിവിഷനിലെ വൈറ്റ്ഫീല്‍ഡ് മേഖലയിലെ അറ്റകുറ്റപ്പണികളും ട്രാഫിക് ബ്ലോക്കുകളും കാരണമാണെന്ന് റെയില്‍വേ അധികൃതർ വിശദീകരിക്കുന്നു. വൈകല്‍ സംബന്ധിച്ച അറിയിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് സംവിധാനങ്ങളിലൂടെയും നല്‍കിയിരുന്നുവെന്നും അധികൃതർ പറയുന്നു.

എന്നാല്‍ പ്രഖ്യാപിച്ച സമയപരിധി പലതവണ മാറ്റുന്നതാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.ഒന്നര മാസം മുമ്പുവരെ മികച്ച സമയകൃത്യത പുലർത്തിയിരുന്ന എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഇപ്പോള്‍ പതിവായി വൈകുന്നതായാണ് യാത്രക്കാരുടെ പരാതി. കഴിഞ്ഞ വർഷം ഒക്ടോബറില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത നാല് വന്ദേഭാരത് സർവീസുകളില്‍ ഒന്നായ ഈ ട്രെയിൻ, സർവീസ് ആരംഭിച്ച ആദ്യമാസം തന്നെ 55,000-ത്തിലധികം യാത്രക്കാരെ ആകർഷിച്ചിരുന്നു. ഇപ്പോഴും ട്രെയിനില്‍ നീണ്ട വെയിറ്റിങ് ലിസ്റ്റാണ് അനുഭവപ്പെടുന്നത്.630 കിലോമീറ്റർ ദൂരം വെറും 8 മണിക്കൂർ 40 മിനിറ്റില്‍ പിന്നിടുന്ന ഈ സർവീസിന് ഒമ്പത് സ്റ്റോപ്പുകളാണുള്ളത്. ചെയർകാർ ടിക്കറ്റ് നിരക്ക് 1,630 രൂപയും എക്സിക്യൂട്ടീവ് ചെയർകാർ നിരക്ക് 2,995 രൂപയുമാണ്. എട്ട് കോച്ചുകളിലായി ഏകദേശം 530 സീറ്റുകളുള്ള ട്രെയിൻ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group