ബെംഗളുരു: ബെംഗളുരുവില്‍ നിന്ന് കാണാതായി, ഹൈദരാബാദ് വരെയെത്തിയ 12 വയസുകാരൻറെ കൈവശമുണ്ടായിരുന്നത് 100 രൂപയെന്ന് പോലീസ്.
യാത്രാചെലവിന് കൈവശമുണ്ടായിരുന്ന പാർക്കർ പേനകള്‍ 100 രൂപയ്ക്ക് വിറ്റ് പണം കണ്ടെത്തി. കാണാതായ മകനെ കണ്ടെത്താൻ സഹായിക്കണമെന്ന മാതാപിതാക്കളുടെ അഭ്യർഥന സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് ബെംഗളുരു ഗുഞ്ചൂർ ഡീൻസ് അക്കാഡമിയിലെ ആറാംക്ലാസ് വിദ്യാർഥി പരിണവിനെ ഹൈദരാബാദിലെ മെട്രോ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്.
100 രൂപകൊണ്ട് യാത്രയാരംഭിച്ച് യാത്രാചെലവിന് കൈയിലുണ്ടായിരുന്ന പാർക്കർ പേനകള്‍ വിറ്റ ആറാം ക്ലാസുകാരന്റെ യാത്ര പ്രായത്തിനെ വെല്ലുന്ന ധൈര്യത്തോടെ. കുട്ടി പേനകള്‍ വില്‍ക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആശങ്കളില്ലാതെ സധൈര്യം സഞ്ചരിച്ച പരിണവ് മൂന്ന് നഗരങ്ങളിലൂടെയാണ് യാത്രചെയ്തത്.
സുകേഷ്-നിവേദിത ദമ്ബതിമാരുടെ മകനായ പരിണവിനെ ഞായറാഴ്ച ഉച്ചയോടെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ അച്ഛനാണ് കുട്ടിയെ വൈറ്റ് ഫീല്‍ഡിലെ ട്യൂഷൻ ക്ലാസില്‍ കൊണ്ടുവിട്ടത്. ഉച്ചയ്ക്ക് ശേഷം സുകേഷ് മകനെ കൂട്ടാനെത്തിയെങ്കിലും അതിന് മുൻപേ കുട്ടി ട്യൂഷൻ സെന്ററില്‍നിന്ന് പോയിരുന്നു. എന്നാല്‍, കുട്ടി വീട്ടിലെത്തിയില്ല. ഇതോടെയാണ് മാതാപിതാക്കള്‍ തിരച്ചില്‍ ആരംഭിച്ചത്. തുടർന്ന് പോലീസിലും പരാതി നല്കി.
നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പോലീസ് ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് കുണ്ഡലഹള്ളി ഗേറ്റിനും മാറത്തഹള്ളി പാലത്തിനും ഇടയില്‍ കാവേരി ആശുപത്രിയുടെ സി.സി.ടി.വി. യില്‍ കുട്ടിയുടെ ദൃശ്യം പതിഞ്ഞത് കണ്ടെത്തി. 3.04-ന് മാറത്തഹള്ളിയില്നിന്ന് ബി.എം.ടി.സി. ബസില്‍ കയറിയതായും മാറത്തഹള്ളി മാർക്കറ്റില്‍ ഇറങ്ങിയതായും അറിയാൻ കഴിഞ്ഞു. 3.11-ന് യെംലൂരിന് സമീപം പെട്രോള്‍ പമ്ബിന് സമീപത്തുകൂടി നടക്കുന്നതിന്റെ ദൃശ്യവും ലഭിച്ചു. വൈകീട്ട് ബെംഗളുരു മജസ്റ്റിക് ബസ് ടെർമിനലില്‍ നിന്നും ബസ് കയറുമ്ബോഴാണ് കുട്ടിയെ അവസാനമായി കണ്ടത്.
കുട്ടിയെ കാണാതായ വിവരം മാതാപിതാക്കള്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കുട്ടി റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ അടക്കം പങ്കുവെച്ചുക്കൊണ്ട് കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന മാതാപിതാക്കളുടെ പോസ്റ്റ് ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു.
ചില ആളുകള്‍ കുട്ടിയെ കണ്ട സ്ഥലങ്ങളില്‍ പോയി നേരിട്ട് അന്വേഷിച്ചപ്പോള്‍ നിരവധിയാളുകള്‍ പോസ്ററ് വ്യാപകമായി പങ്കുവെച്ചു. ഒടുവില്‍ ഹൈദരാബാദ് സന്ദർശിക്കാനെത്തിയ ബെംഗളുരു സ്വദേശിയാണ് കുട്ടിയെ മെട്രോ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്താൻ സഹായിച്ചവർക്ക് മാതാപിതാക്കള്‍ വീഡിയോ സന്ദേശത്തിലൂടെ നന്ദി പറഞ്ഞു. കുട്ടി എന്തുകൊണ്ടാണ് ഇത്തരത്തില്‍ നാടുവിട്ടതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.