ബെംഗളൂരു: സെൻട്രല്‍ സില്‍ക്ക് ബോർഡിനെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി (കെഐഎ) ബന്ധിപ്പിക്കുന്ന നമ്മ മെട്രോ ബ്ലൂ ലൈൻ 2028 മാർച്ചോടെ പ്രവർത്തനക്ഷമമാകുമെന്ന് ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ.58 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈൻ ഇടനാഴി ഘട്ടം ഘട്ടമായി തുറക്കും. ബ്ലൂ ലൈൻ മെട്രോ രണ്ട് വർഷത്തിനുള്ളില്‍ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.2027 ഡിസംബറോടെ പാത മുഴുവനായി കമ്മീഷൻ ചെയ്യാനായിരുന്നു ബാംഗ്ലൂർ മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) പദ്ധതിയിട്ടുന്നത്.

നിർദിഷ്ട ഓറഞ്ച് ലൈനുമായി സംയോജിപ്പിക്കുന്നതിന് ഹെബ്ബാളിനും കെമ്പാപുരയ്ക്കും ഇടയില്‍ നാല് ട്രാക്കുകളുള്ള മെട്രോ വയഡക്റ്റ് നിർമിക്കുന്നതിലെ വെല്ലുവിളികളാണ് പുതുക്കിയ ഷെഡ്യൂളിന് പിന്നിലെ കാരണങ്ങളിലൊന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹെബ്ബാള്‍ – കെമ്പപുര ഭാഗത്തെ നിർമാണം വൈകിയിരുന്നു.സെൻട്രല്‍ സില്‍ക്ക് ബോർഡ് – കെആർ പുര ഭാഗത്തെ പ്രവർത്തനം പുരോഗമിക്കുകയാണെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. എംജി റോഡിനും ശിവാജിനഗറിനും ഇടയിലുള്ള പിങ്ക് ലൈനിന്റെ ഭൂഗർഭ ഭാഗം മന്ത്രി ഉള്‍പ്പെട്ട സംഘം പരിശോധിച്ചു. ബ്ലൂ ലൈൻ മൂന്ന് ഘട്ടങ്ങളായി കമ്മീഷൻ ചെയ്യുന്നതിനുള്ള പദ്ധതി ബിഎംആർസിഎല്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.സെൻട്രല്‍ സില്‍ക്ക് ബോർഡ് – കെആർ പുര സ്ട്രെച്ചിന്റെ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കെആർ പുര – ഇബ്ലൂർ ഭാഗത്തെ പരീക്ഷണ ഓട്ടം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇബ്ലൂരിനും സെൻട്രല്‍ സില്‍ക്ക് ബോർഡിനും ഇടയിലുള്ള ഭാഗം 2026 ഡിസംബറിലും സെൻട്രല്‍ സില്‍ക്ക് ബോർഡ് – കെആർ പുര ഇടനാഴിയിലെ സർവീസ് 2027 മധ്യത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.ഹെബ്ബാള്‍ – കെഐഎ വിഭാഗം 2027 സെപ്റ്റംബറോടെ തുറക്കാനാണ് ലക്ഷ്യമിടുന്നത്. നാഗവാര വഴിയുള്ള ഭാഗം ഉള്‍പ്പെടെ കെആർ പുര – ഹെബ്ബാള്‍ ഭാഗം 2027 ഡിസംബറിനും 2028 മാർച്ചിനും ഇടയില്‍ പൂർത്തിയാകും. ഹെബ്ബാളിനും നാഗവാരയ്ക്കും ഇടയിലുള്ള മെട്രോ നിർമാണം നിരവധി നിർവ്വഹണ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഗതാഗതക്കുരുക്ക് കൂടുതലുള്ള ഔട്ടർ റിങ് റോഡ് ഇടനാഴിയില്‍ സ്റ്റേഷനുകളും വയഡക്റ്റുകളും നിർമിക്കുന്നത് വെല്ലുവിളിയാണ്.
ജെപി നഗറിനും കെമ്പാപുരയ്ക്കും ഇടയിലുള്ള നിർദിഷ്ട ഓറഞ്ച് ലൈനുമായി ബ്ലൂ ലൈനിനെ സംയോജിപ്പിക്കുകയെന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.ഹെബ്ബാളിനും കെമ്പാപുരയ്ക്കും ഇടയില്‍ നാല് ട്രാക്കുകള്‍ ഉള്‍ക്കൊള്ളാൻ കഴിയുന്ന ഒരു എലിവേറ്റഡ് ഇടനാഴി ബിഎംആർസിഎല്‍ നിർമിക്കുന്നുണ്ട്. ഓറഞ്ച് ലൈൻ കമ്മീഷൻ ചെയ്യുമ്പോള്‍ പ്രധാന നിർമാണ പ്രവർത്തനങ്ങള്‍ നടത്താൻ മടങ്ങുന്നതിന് പകരം ഇപ്പോള്‍ നാല് ട്രാക്കുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഞങ്ങള്‍ നിർമിക്കുകയാണെന്ന് മന്ത്രി വിശദീകരിച്ചു. ഹെബ്ബാളിനും കെമ്പാപുരയ്ക്കും ഇടയിലുള്ള ഒരു കിലോമീറ്റർ ദൂരത്തില്‍ നാല് മെട്രോ ട്രാക്കുകള്‍ ഉള്‍ക്കൊള്ളുന്നതിനായി പ്രത്യേക ത്രീ-പിയർ പോർട്ടല്‍ ഘടന നിർമിക്കുന്നുണ്ടെന്ന് ബിഎംആർസിഎല്‍ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.