ബംഗളൂരു: ഉയര്‍ന്ന ജാതിക്കാരായ കുടുംബം വഴിനടക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതിയുമായി പതിനെട്ടോളം ദലിത് കുടുംബങ്ങള്‍.കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം.
തങ്ങളുടെ വീടുകളിലേക്കുള്ള വഴി ഉയര്‍ന്ന ജാതിക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഇത് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് നിരവധി ദലിത് കുടുംബങ്ങളാണ് ജില്ലാ കലക്ടറെ സമീപിച്ചിരിക്കുന്നത്. റോഡ് അടച്ചതോടെ തങ്ങളുടെ ദൈനംദിന ജീവിതം പ്രതിസന്ധിയിലാണെന്നും പരാതിക്കാര്‍ പറഞ്ഞു. സ്ഥിരമായി ഇവര്‍ സഞ്ചരിച്ചിരുന്ന വഴിയില്‍ കമ്ബിവേലി കെട്ടി മറച്ചതോടെയാണ് ഇവര്‍ പരാതിയുമായി കലക്ടറെ സമീപിച്ചത്. ആദ്യം ഉടമകളോട് വിഷയത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇവര്‍ ദലിതരെ അസഭ്യം പറയുകയായിരുന്നു. മഡ്ഡൂര്‍ ജില്ലയിലെ ഹൂത്താഗെരെ ഗ്രാമത്തിലുള്ള ദലിതരാണ് പരാതിക്കാര്‍. ഗ്രാമത്തിലെ ശശി കുമാര്‍, രമേശ് എന്നിവരുടെ മൂന്നേക്കര്‍ ഭൂമിയിലെ 19.5അടി വീതിയും 60 മീറ്റര്‍ നീളവുമുള്ള റോഡായിരുന്നു ദലിത് വിഭാഗം ഉപയോഗിച്ചിരുന്നത്. പതിനെട്ടോളം ദലിത് കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക റോഡും ഇത് തന്നെയാണ്.
പരാതി ലഭിച്ചതിന് പിന്നാലെ സ്ഥലത്തെത്തി വിവരം ശേഖരിച്ചതായി മഡ്ഡൂര്‍ തഹസില്‍ദാര്‍ ബി. നരസിംഹമൂര്‍ത്തി അറിയിച്ചു. റോഡ് സ്ഥാപിച്ചിരിക്കുന്ന സ്ഥലം സര്‍ക്കാര്‍ ഭൂമിയല്ലെന്നും സ്വകാര്യ വ്യക്തികളുടേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. നിലവിലുള്ള റോഡിന്റെ 12അടി ഭൂമി ദലിതര്‍ക്ക് സഞ്ചാരപാതയാക്കി വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.