Home Featured ഓണം: ലഹരി കടത്ത് തടയാന്‍ വ്യാപക പരിശോധന; സെപ്തംബര്‍ 5 വരെ സ്‌പെഷ്യല്‍ ഡ്രൈവ് തുടരും

ഓണം: ലഹരി കടത്ത് തടയാന്‍ വ്യാപക പരിശോധന; സെപ്തംബര്‍ 5 വരെ സ്‌പെഷ്യല്‍ ഡ്രൈവ് തുടരും

by admin

ഓണം പ്രമാണിച്ച്‌ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ജില്ലയിലേക്ക് വ്യാജമദ്യവും ലഹരി വസ്തുക്കളും എത്തുന്നത് തടയാന്‍ എക്‌സൈസും പോലീസും പരിശോധന ശക്തമാക്കി.

ഓണാഘോഷത്തോടനുബന്ധിച്ച്‌ അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ജില്ലാതലത്തില്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. എക്‌സൈസ്, പോലീസ്, വനം, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് സംഘത്തിലുളളത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ എത്തുന്നത് തടയാനായി ചെക്ക് പേസ്റ്റുകളിലും പരിശോധന ഊര്‍ജ്ജിതമാക്കും. സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ണ്ണാടക, തമിഴ്‌നാട് ഉദ്യോഗസ്ഥരും പരിശോധന നടപടികളുമായി സഹകരിക്കും.

അതിര്‍ത്തികളിലെ കാനന വഴികളിലുടെയും ഊട് വഴികളിലുടേയും ലഹരി പദാര്‍ത്ഥങ്ങള്‍ എത്തുന്നത് കണ്ടെത്താന്‍ വനം വകുപ്പുമായി ചേര്‍ന്നുളള പരിശോധനയും എക്‌സൈസ് ആരംഭിച്ചു. ഒഴിഞ്ഞ കെട്ടിടങ്ങളും ആള്‍പാര്‍പ്പില്ലാത്ത പ്രദേശങ്ങളിലും പോലീസുമായി ചേര്‍ന്നുളള സംയുക്ത പരിശോധനയും നിരീക്ഷണവുമുണ്ടാകും. മഫ്തി വേഷത്തിലും ഉദ്യോഗസ്ഥര്‍ പരിശോധനക്കിറങ്ങും. രാത്രി കാലങ്ങളില്‍ മുഴുവന്‍ സമയ പരിശോധനയും നടത്തും. എക്‌സൈസിന്റെ നേതൃത്വത്തിലുളള സ്‌പെഷ്യല്‍ ഡ്രൈവ് സെപ്തംബര്‍ 5 വരെ തുടരും.

വ്യാജ മദ്യത്തിന്റെ ഉപയോഗം, കടത്ത്, വില്‍പ്പന എന്നിവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമിതി യോഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ജയകുമാറിന്റെ അധ്യക്ഷതയില്‍ കളകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.യു ബാലകൃഷ്ണന്‍, എക്സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനകീയ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group