ബെംഗളൂരു∙ ഓണത്തിന് ഒരു മാസം ബാക്കിനിൽക്കെ മലയാളി കൂട്ടായ്മകൾ ഒരുക്കങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് അവസാനം മുതൽ നവംബർ വരെ നീണ്ടുനിൽക്കുന്നതാണ് നഗരത്തിലെ ഓണാഘോഷങ്ങൾ. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും നടത്തുന്ന ആഘോഷങ്ങൾക്ക് ഹാൾ ബുക്കിങ് മുതൽ സദ്യവട്ടത്തിനുള്ള ഒരുക്കങ്ങൾ വരെ നടത്താൻ സംഘടനകൾ ഓണാഘോഷ കമ്മിറ്റികൾക്ക് തന്നെ രൂപം നൽകി കഴിഞ്ഞു.
കേരളത്തിൽ നിന്ന് വാദ്യമേള സംഘങ്ങളെ വരെ അണിനിരത്തിയാണ് സംഘടനകൾക്ക് പുറമേ അപ്പാർട്മെന്റ് അസോസിയേഷനുകളും തങ്ങളുടെ പരിപാടികൾക്ക് ഉത്സവ പ്രതീതി നൽകുന്നത്. ഒരു കാലത്ത് സംഘടനകൾ മാത്രം നടത്തിയിരുന്ന ഓണാഘോഷങ്ങൾ ഇപ്പോൾ റസിഡന്റ്സ്, അപ്പാർട്മെന്റ് അസോസിയേഷനുകളുടെ നേതൃത്വത്തിലും നടത്താൻ തുടങ്ങിയതോടെ മറ്റു നാടുകളിൽ നിന്നുള്ളവരും ഓണാഘോഷങ്ങളിൽ പങ്കുചേരുന്നുണ്ട്.
മലയാളികൾക്ക് ഓണസദ്യയൊരുക്കാൻ കേരളക്കരയിൽ നിന്നുള്ള വിഭവങ്ങൾ സമാഹരിക്കുന്നതിന്റെ തിരക്കിലാണ് സംഘടന ഭാരവാഹികൾ. നഗരത്തിൽ കഴിഞ്ഞ 3 പതിറ്റാണ്ടായി ഓണച്ചന്ത നടത്തുന്ന കേരളസമാജം ദൂരവാണി നഗറിന്റെ നേതൃത്വത്തിൽ ഇത്തവണ രണ്ടിടങ്ങളിലായാണ് ഓണച്ചന്ത . വിജിനപുര ജൂബിലി സ്കൂളിലും രാമമൂർത്തി നഗർ എൻആർഐ ലേഔട്ടിലെ ജൂബിലി ഇംഗ്ലിഷ് ഹൈസ്കൂളിലുമായി ഓഗസ്റ്റ് 25 മുതൽ 28 വരെ ചന്ത നടത്തുന്നത്.
എക്സ്പ്രസ് വേയിലെ അപകടങ്ങൾ;സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഗതാഗത മന്ത്രിയെ കാണും
ബെംഗളൂരു∙ മൈസൂരു–ബെംഗളൂരു എക്സ്പ്രസ് േവയിൽ അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സർവീസ് റോഡുകളുടെ ഉൾപ്പെടെ നിർമാണം പൂർത്തിയാക്കാൻ 150 കോടിരൂപ അധികമായി അനുവദിക്കാൻ ആവശ്യപ്പെടും. റോഡ് നിർമാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് വ്യാപകമായ പരാതികളാണ്.
എക്സ്പ്രസ് വേയിൽ മണ്ഡ്യയിൽ പരിശോധന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രദേശവാസികൾക്ക് റോഡ് മുറിച്ച് കടക്കാൻ കാൽനട മേൽപാലങ്ങൾ, വെള്ളക്കെട്ട് പ്രശ്നം, തെരുവ് വിളക്കുകളും അഭാവം എന്നിവ സംബന്ധിച്ച് സിദ്ധരാമയ്യ പ്രദേശവാസികളുമായും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.
ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ വാഹനങ്ങളുടെ അമിത വേഗം പിടികൂടാൻ മണ്ഡ്യയിൽ സ്ഥാപിച്ച ആദ്യ നിർമിത ബുദ്ധി (എഐ) ക്യാമറയുടെ ഉദ്ഘാടനവും സിദ്ധരാമയ്യ നിർവഹിച്ചു. 6 വരി പ്രധാന പാതയിൽ ഇരുവശങ്ങളിലേക്കും 3 വരികളിലാണ് ഗതാഗതം. 3 വരികളിലൂടെയും വരുന്ന വാഹനങ്ങളുടെ വേഗം പാതയ്ക്ക് കുറുകെ സ്ഥാപിച്ച സ്ക്രീനിൽ തെളിയും. 80–100 കിലോമീറ്റർ വേഗമാണ് പരമാവധി അനുവദിച്ചിരിക്കുന്നത്. വേഗ പരിധി ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും. 118കിലോമീറ്റർ ദൂരം വരുന്ന പാതയിൽ കൂടുതൽ എഐ ക്യാമറകൾ വരുംദിവസങ്ങളിൽ സ്ഥാപിക്കും.