ബംഗളൂരു: കര്‍ണാടകയില്‍ വില്‍പ്പനയ്ക്കായി മാര്‍ക്കറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെ, വഴിയില്‍ തടഞ്ഞുനിര്‍ത്തി 2000 കിലോഗ്രാം തക്കാളിയുമായി വന്ന വാഹനവുമായി മോഷണ സംഘം കടന്നുകളഞ്ഞു. ഡ്രൈവറെയും കര്‍ഷകനെയും മര്‍ദ്ദിച്ച ശേഷമായിരുന്നു മൂന്നംഗ സംഘം കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. അടുത്തിടെയാണ് തക്കാളി വില കുതിച്ചുയര്‍ന്നത്. കര്‍ണാടകയില്‍ ഒരു കിലോഗ്രാം തക്കാളിക്ക് 120നും 150നും ഇടയിലാണ് വില.
ബംഗളൂരുവിലാണ് സംഭവം. ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ ടൗണില്‍ നിന്ന് കോലാര്‍ മാര്‍ക്കറ്റിലേക്ക് വില്‍പ്പനയ്ക്കായി കര്‍ഷകന്‍ തക്കാളി കൊണ്ടുപോകുന്നതിനിടെയായിരുന്നു കവര്‍ച്ച. തക്കാളിയുമായി പോയ വാഹനത്തെ അക്രമി സംഘം പിന്തുടര്‍ന്നു. യാത്രയ്ക്കിടെ, തക്കാളിയുമായി വന്ന വാഹനം തങ്ങളുടെ കാറില്‍ തട്ടിയെന്ന് പറഞ്ഞ് അക്രമി സംഘം തടഞ്ഞുനിര്‍ത്തി കര്‍ഷകനെയും ഡ്രൈവറെയും മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു.
ഇതിന് പുറമേ അക്രമി സംഘം നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. അക്രമി സംഘം പറഞ്ഞത് അനുസരിച്ച് ഓണ്‍ലൈനായി ആവശ്യപ്പെട്ട തുക കൈമാറി. ഇതിന് പിന്നാലെ തക്കാളി സൂക്ഷിച്ചിരുന്ന വാഹനത്തിലേക്ക് കയറി അക്രമികള്‍ കടന്നുകളയുകയായിരുന്നുവെന്ന്് പൊലീസ് പറയുന്നു. കര്‍ഷകനെയും ഡ്രൈവറെയും നടുറോഡില്‍ നിര്‍ത്തിയായിരുന്നു അക്രമിസംഘം തക്കാളിയുമായി കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെ കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറയുന്നു.
പൊന്നും വില; തക്കാളിക്ക് മാത്രമായി സെക്യൂരിറ്റിയെ വെച്ച് കച്ചവടക്കാരന്‍
പെരും മഴയിലും തക്കാളി തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. തക്കാളിക്ക് മാത്രമായി സെക്യൂരിറ്റിയെ വച്ചും പ്രത്യേക സമ്മാനമായി തക്കാളി നല്‍കുന്നതും വലിയ വിലയുള്ള സാധനങ്ങള്‍ വാങ്ങിയാല്‍ കൂടെ തക്കാളി സൗജന്യം എന്ന രീതിയിലുള്ള ഓഫറുകളിലേക്കും വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അങ്ങനെ തക്കാളി വാങ്ങുന്നത് ഒരു ചെറിയ കളിയല്ലാതായി മാറിയിരിക്കുന്നു.
മൊബൈല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ട് കിലോ തക്കാളി സൗജന്യമായി നല്‍കിയാണ് അശോക് നഗറിലെ സ്മാര്‍ട് ഫോണ്‍ കടയുടമ അഭിഷേക് അഗര്‍വാളിന്‍റെ കച്ചവടം. എന്തായാലും തക്കാളി ഓഫര്‍ കച്ചവടത്തെ സഹായിച്ചിട്ടുണ്ടെന്നാണ് അഭിഷേക് മാധ്യമങ്ങളോട് പറഞ്ഞത്.
വാരണാസിയിലാണ് തക്കാളിക്ക് പ്രത്യേക സുരക്ഷയൊരുക്കുന്ന സ്ഥിതിയുമുണ്ട്.തക്കാളി വില താങ്ങാതെ വന്നതോടെ ആളുകള്‍ തക്കാളി അടിച്ചു മാറ്റാൻ തുടങ്ങിയതിനാലാണ് ഈ നടപടിയെന്നാണ് ഉടമസ്ഥൻ പറയുന്നത് .