ബെംഗളൂരു: വീണ്ടുമൊരു മഴക്കാലം വരുമ്പോൾ കഴിഞ്ഞ വർഷത്തെപ്പോലെ വെള്ളപ്പൊക്ക ദുരിതമുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തി വരുകയാണ് സർക്കാരും ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (ബി.ബി.എം.പി.). നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകാതിരിക്കാൻ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത് ഓവുചാലുകളുടെ നവീകരണവും കനാലുകളുടെ നവീകരണവുമാണ്.
അതിനാൽ കനാലുകളും ഓവുചാലുകളും നവീകരിക്കുന്നതിന് മുൻഗണന നൽകാനാണ് ബെംഗളൂരു നഗര വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയാണ് ശിവകുമാർ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നത്.
വ്യാഴാഴ്ച മഹാദേവപുര സോണിലെ വിവിധ സ്ഥലങ്ങൾ ശിവകുമാർ സന്ദർശിച്ചു. ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ്, മഹാദേവപുര എം.എൽ.എ. മഞ്ജുള അരവിന്ദ് ലിംബാവലി എന്നിവരും ശിവകുമാറിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മഴക്കാലത്ത് വെള്ളപ്പൊക്കം രൂക്ഷമായിരുന്ന യെംലൂരിലെ തടാകങ്ങളും കനാലുകളുടെയും കൈയേറ്റങ്ങളും കനാലുകളുടെ നിർമാണ പ്രവർത്തനങ്ങളും ശിവകുമാർ പരിശോധിച്ചു. ബെലന്ദൂർ തടാകവും ശിവകുമാർ സന്ദർശിച്ചു.
തടാകത്തിലെ നവീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥർ ശിവകുമാറിന് വിശദീകരിച്ചുകൊടുത്തു. കഴിഞ്ഞ വർഷം വെള്ളപ്പൊക്കമുണ്ടായ സർജാപുരയിലെ റെയിൻബോ ഡ്രൈവ് ലേഔട്ടും ശിവകുമാർ സന്ദർശിച്ചു. ലേഔട്ടിന് സമീപത്തെ കനാലുകൾ വൃത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഗുഞ്ചൂരിലും കനാൽ നവീകരണ പ്രവർത്തനങ്ങൾ ശിവകുമാർ വിലയിരുത്തി. മഴക്കാല മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളത്. മഴക്കാലത്ത് വെള്ളം പൊങ്ങുന്നത് കൂടാതെ മരങ്ങൾ ഒടിഞ്ഞു വീഴുന്നതും റോഡുകൾ തകരുന്നതും നഗരത്തിൽ പതിവാണ്. ഇവയെല്ലാം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഒടിഞ്ഞു വീഴാറായ മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചേക്കും.
തീവണ്ടിയുടെ എ.സി കോച്ചില്‍ ഒഡിഷയില്‍വച്ച് തീപ്പിടിത്തം, പരിഭ്രാന്തരായി യാത്രക്കാര്‍; ആളപായമില്ല
ഭൂവനേശ്വര്‍ : ദുര്‍ഗ് – പുരി എക്സ്പ്രസിന്റെ എ.സി കോച്ചില്‍ തീപ്പിടിത്തം ഉണ്ടായതിനെത്തുടര്‍ന്ന് പരിഭ്രാന്തരായി യാത്രക്കാര്‍.
ഒഡിഷയിലെ നുവാപാഡ ജില്ലയില്‍വച്ചാണ് തീപ്പിടിത്തമുണ്ടായത്. ആളപായമില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വെ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച രാത്രിയോടെ തീവണ്ടി ഖാരിയര്‍ റോഡ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തീവണ്ടിയുടെ ബി 3 കോച്ചില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് റെയില്‍വെ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബ്രേക്ക് പാഡ് ഉരസിയാണ് തീപ്പിടിച്ചത്.
ഒരു മണിക്കൂറില്‍ താഴെ സമയംകൊണ്ട് തീ കെടുത്തുകയും തീവണ്ടിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുകയും ചെയ്തു. രാത്രി 11 ഓടെ തീവണ്ടി യാത്രപുനരാരംഭിച്ചുവെന്നും റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു. തീവണ്ടി നിര്‍ത്തിയ ഉടൻ പരിഭ്രാന്തരായ യാത്രക്കാര്‍ ഓടി പുറത്തേക്ക് ഇറങ്ങിയിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ഒഡിഷയിലെ ബാലസോര്‍ ജില്ലയില്‍ ചരക്ക് തീവണ്ടിയടക്കം മൂന്ന് തീവണ്ടികള്‍ അപകടത്തില്‍പ്പെട്ട് 288 പേര് മരിക്കാനിടയായ ദുരന്തമുണ്ടായതിന് പിന്നാലെയാണ് ഒഡീഷയില്വച്ചുതന്നെ തീവണ്ടിയില്‍നിന്ന് തീയും പുകയും ഉയര്‍ന്നത്. ബെംഗളൂരു – ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ഷാലിമാര്‍ – ചെന്നൈ സെൻട്രല്‍ കൊറോമാണ്ഡല്‍ എക്സ്പ്രസ്, ചരക്ക് തീവണ്ടി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. 1100- ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.