ബെംഗളൂരു : കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ അഞ്ജനമൂർത്തി(77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്.
ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗല മണ്ഡലത്തിൽനിന്ന് 1989, 1999, 2004 വർഷങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് നിയമസഭയിലെത്തി. 1993-ൽ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2005-ൽ ഭവനവകുപ്പ് മന്ത്രിയായി.
നെലമംഗലയിലെ ഇന്ദിരാനഗറിലായിരുന്നു താമസം. 1980 മുതൽ 82 വരെ കോൺഗ്രസ് ബെംഗളൂരു റൂറൽ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. 2003-ൽ കർണാടക എസ്.സി.-എസ്.ടി. കമ്മിഷൻ ചെയർമാനായി. അഞ്ജനമൂർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യുരപ്പ, എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ അനുശോചിച്ചു.
പ്രധാനമന്ത്രി നാളെ ബംഗളുരുവിൽ
ബെംഗളൂരു : രാജ്യത്തിന്റെ ഐ.ടി. തലസ്ഥാനമായ ബെംഗളൂരുവിൽ യാത്രക്കാർ കാത്തിരിക്കുന്ന വൈറ്റ് ഫീൽഡ്-കെ.ആർ. പുരം മെട്രോ പാത ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണിക്ക് വൈറ്റ് ഫീൽഡ് മെട്രോ സ്റ്റേഷനിലാണ് ചടങ്ങ്. നഗരത്തിലെ യാത്രാ സൗകര്യം വർധിപ്പിക്കുന്ന 13.71 കിലോമീറ്റർ പാതയാണ് പുതുതായി തുറക്കുന്നത്. 4,250 കോടിരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. ബെംഗളൂരു മെട്രോ രണ്ടാം ഘട്ടത്തിന്റെ എക്സ്റ്റൻഷൻ പ്രോജക്ടായാണ് പാത നിർമിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുമ്പിൽക്കണ്ടാണ് മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തുന്നത്. രാവിലെ 10.45-ന് ചിക്കബല്ലാപുരയിലെത്തുന്ന അദ്ദേഹം ശ്രീ മധുസൂദൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നടത്തിയ ശേഷമാണ് ബെംഗളൂരുവിലെത്തുക.