ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്ബോള്‍ ബിജെപിക്കെതിരെ വെടിപൊട്ടിച്ച് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി.
ബിജെപി അടുത്ത തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാല്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം പറഞ്ഞു. കൂടെ എട്ട് ഉപമുഖ്യമന്ത്രിമാരുമുണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതിന്റെ പട്ടിക തന്റെ കൈവശമുണ്ടെന്നും കുമാരസ്വാമി പറയുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപിയില്‍ അടിവലി നടക്കുന്ന സാഹചര്യത്തിലാണ് ഇതിന് എരിവ് പകര്‍ന്ന് കുമാരസ്വാമിയുടെ നീക്കം. ബിജെപിയിലെ തര്‍ക്കം രൂക്ഷമാക്കാനുള്ള നീക്കമാണ് കുമാരസ്വാമി നടത്തുന്നത് എന്നാണ് കരുതുന്നത്. മാത്രമല്ല, മറ്റു സമുദായങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റാനുള്ള തന്ത്രമായും വിലയിരുത്തുന്നു. പ്ലഹ്ലാദ് ജോഷി ബ്രാഹ്മണ സമുദായക്കാരനാണ്. ഇക്കാര്യം കുമാരസ്വാമി പ്രത്യേകം എടുത്തു പറഞ്ഞു.
പ്രഹ്ലാദ് ജോഷിയെ മുഖ്യമന്ത്രിയാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തുന്നു എന്നാണ് കുമാരസ്വാമി പറഞ്ഞത്. കഴിഞ്ഞ ദിവസം ജോഷി ജെഡിഎസ് നടത്തുന്ന പഞ്ചരത്ന യാത്രയ്ക്കെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പകരം നവഗ്രഹ യാത്രയാണ് സംഘടിപ്പിക്കേണ്ടിയിരുന്നത് എന്നാണ് ജോഷി പറഞ്ഞത്. ഇക്കാര്യത്തില്‍ പ്രതികരണം തേടിയപ്പോഴാണ് കുമാരസ്വാമി ജോഷിയെ മുഖ്യമന്ത്രിയാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തുന്ന കാര്യം പറഞ്ഞത്.
പഞ്ചരത്ന യാത്ര ദസറഹള്ളി മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം പര്യടനം നടത്തിയിരുന്നു. ഈ വേളയിലാണ് കുമാരസ്വാമി മാധ്യമങ്ങളോട് സംസാരിച്ചത്. ന്യൂഡല്‍ഹിയില്‍ അടുത്തിടെ ആര്‍എസ്എസ് നേതൃത്വം യോഗം ചേര്‍ന്നിരുന്നു. പ്ലഹ്ലാദ് ജോഷിയെ മുഖ്യമന്ത്രിയാക്കാനാണ് തീരുമാനം. കൂടെ എട്ട് ഉപമുഖ്യമന്ത്രിമാരുമുണ്ടാകുമെന്നും കുമാരസ്വാമി പറഞ്ഞു. എട്ട് ഉപമുഖ്യമന്ത്രിമാരുടെ പട്ടിക തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
രണ്ടുതരം ബ്രാഹ്മണരാണ് ഇവിടെയുള്ളത്. സമൂഹത്തെ വിഭജിച്ച് നേട്ടം കൊയ്യുന്നവരാണ് അതിലൊന്ന്. പ്രശസ്തമായ ശ്രീനഗരി ശാരദ പീഠം തകര്‍ത്തവരാണവര്‍. അക്കൂട്ടത്തിലാണ് പ്രഹ്ലാദ് ജോഷി ഉള്‍പ്പെടുക. ഈ ബ്രാഹ്മണര്‍ക്ക് മഹാരാഷ്ട്രയിലെ പെഷവരുമായി നേരിട്ടുള്ള ബന്ധമുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന ബ്രാഹ്മണരുണ്ട്. അക്കൂട്ടത്തില്‍ ജോഷി ഉള്‍പ്പെടില്ലെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.