ന്യൂഡല്‍ഹി: ശസ്ത്രക്രിയക്കിടെ 15 വയസുകാരിയുടെ അവയവങ്ങള്‍ നീക്കം ചെയ്ത് പകരം ശരീരത്തില്‍ പ്ലാസ്റ്റിക് കവറുകള്‍ നിറച്ചതായി കുടുംബത്തിന്‍റെ പരാതി. ഡല്‍ഹിയിലാണ് ദാരുണ സംഭവം നടന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ പെണ്‍കുട്ടി മരണപ്പെടുകയും ചെയ്തു.
ജനുവരി 21നാണ് കുടല്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 24 ന് ശസ്ത്രക്രിയ നടന്നെങ്കിലും ജനുവരി 26 ന് പെണ്‍കുട്ടി മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചു. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആരോപണങ്ങള്‍ സത്യമാണോയെന്ന് പറയാനാകുള്ളുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയപ്പോള്‍ കുടുംബത്തിന് പരാതി ഉണ്ടായിരുന്നില്ല. പിന്നീട് സംസ്കാര ചടങ്ങിനിടെ പെണ്‍കുട്ടിയുടെ അവയവങ്ങള്‍ നഷ്ടപ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് കുടുംബം പരാതി നല്‍കുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ സാഗര്‍ സിങ് കല്‍സി പറഞ്ഞു. പരാതിയെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കുട്ടിയുടെ മൃതദേഹത്തില്‍ സുഷിരങ്ങള്‍ ഉണ്ടായിരുന്നെന്നും അത് പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയിരിക്കുകയാണെന്നും കുടുംബം ആരോപിച്ചു.\
പ്രണയം നിരസിച്ചു, നമ്പര്‍ ബ്ലോക്ക് ചെയ്തതോടെ പക; കിലോമീറ്ററുകള്‍ താണ്ടിയെത്തി ആല്‍വിന്‍റെ ക്രൂരത
ഇടുക്കി: മൂന്നാറില്‍ ടിടിസി വിദ്യാര്‍ത്ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ പ്രതിയായ പാലക്കാട് സ്വദേശി ആല്‍വിനെ (23) കൈ ഞരമ്പ് മുറിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികാലം മുതല്‍ ആല്‍വിന് പ്രിന്‍സിയെ അടുത്തറിയാമായിരുന്നു. പിന്നീട് ആല്‍വിന് പ്രിന്‍സിയോട് പ്രണയമായി.
ആല്‍വിന്‍ പലവട്ടം തന്‍റെ പ്രണയം പ്രിന്‍സിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ സ്വഭാവം ഇഷ്ടമല്ലാത്തതിനാല്‍ ആല്‍വിന്‍റെ പ്രണയാഭ്യര്‍ത്ഥനകള്‍ യുവതി നിരസിച്ചു. എന്നിട്ടും യുവാവ് പിന്‍മാറാന്‍ തയ്യറായില്ല. ഇതിനിടെ ടിടിസി വിദ്യാഭ്യാസത്തിനായി പാലക്കാട്ട് നിന്ന് യുവതി മുന്നാറിലെത്തി. മൂന്നാറിലെ ഗവൺമെന്റ് ടിടിസി കോളേജിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്.
അവധിക്കാലത്ത് നാട്ടിലെത്തുമ്പോള്‍ യുവാവ് പ്രിന്‍സിയെ കാണാന്‍ പോകുമായിരുന്നു. യുവതിക്ക് അത് ഇഷ്ടമില്ലായിരുന്നു. കഴിഞ്ഞ ദിവസം പ്രിന്‍സിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് യുവാവ് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി. ഇതോടെ പ്രിന്‍സി ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതോടെ ആല്‍വിന്‍ പാലക്കാട് നിന്ന് മൂന്നാറില്‍ എത്തുന്നത്. പ്രിന്‍സി പഠിക്കുന്ന സ്ഥാപനം മനസിലാക്കിയ ആല്‍വിൻ യുവതി പുറത്തിറങ്ങുന്നതിനായി കാത്തുനിന്നു.
ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ പിന്നാലെ കൂടി ശേഷം ആല്‍വിന്‍ കത്തി ഉപയോഗിച്ച് തലയില്‍ വെട്ടുകയായിരുന്നു. താമസ സ്ഥലമായ നിർമ്മല ഹോസ്റ്റലിലേക്ക് പോകുംവഴി സീ സെവൻ ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. ഇതിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ഞരമ്പ് മുറിച്ച നിലയില്‍ പഴയ മൂന്നാര്‍ സിഎസ്‌ഐ പള്ളിക്ക് സമീപത്തുവെച്ച് ടൂറിസ്റ്റ് ഗൈഡുമാരാണ് കണ്ടെത്തിയത്. ഇന്നലെയാണ് ടിടിസി വിദ്യാർത്ഥിനിയായ പ്രിന്‍സിയെ ആല്‍വിൻ ആക്രമിച്ചത്.