ബെംഗളൂരു: ധാർവാഡ് നുഗ്ഗക്കെരി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിനു മുന്നിൽ മുസ്ലിം വ്യാപാരികളുടെ ഉന്തുവണ്ടികളും മറ്റും തല്ലി കർത്ത സംഭവത്തിൽ 4 ശ്രീരാമസേന പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മൈലാരപ്പ് ഗുഡനവർ (27), മഹാലിംഗ ആയ്ലി (26), ചിദാനന്ദ് കലാർ (25), കുമാർ കട്ടിമണി (26) എന്നിവരാണ് അറസ്റ്റിലായത്. 8 പേരെ പ്രതി ചേർത്താണ് കേസെടുത്തതെന്ന് എസ്പി പി.കൃഷ്ണകാന്ത് പറ ഞ്ഞു. മറ്റു 4 പേർക്കായി തിരച്ചിൽ വ്യാപിപ്പിച്ചു.
ക്ഷേത്ര പരിസരങ്ങളിൽ മുസ്ലിം കച്ചവടക്കാരെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഒട്ടാകെ ദിവസങ്ങളായി നടന്നു വരുന്ന പ്രചാരണങ്ങളുടെ ഭാഗമായാണ് ശനിയാഴ്ച ആഞ്ജനേയ സ്വാമി ക്ഷേത്ര പരിസരത്ത് അക്രമം നടന്നത്. ഇതിനെ അപലപിച്ച് ദൾ പ്രവർത്തകരും അൻജുമാൻ സൊസൈറ്റി അംഗങ്ങളും എസ്പി ഓഫീസ് മാർച്ച് നടത്തിയതിനെ തുടർന്നാണു നടപടി.
ക്യാംപസിൽ സംഘർഷം
കൽബുറഗി: സെൻട്രൽ സർവ കലാശാല ക്യാംപസിൽ രാമനവമി പൂജ നടത്തിയതിനിടെ വിദ്യാർഥികൾ ഏറ്റുമുട്ടി. വിശ്വനാഥ്, നരേഷ് എന്നീ വിദ്യാർഥികൾക്ക് പരുക്കേറ്റതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാംപസിനുള്ളിൽ ലക്ഷ്മീക്ഷേത്രത്തിൽ പൂജ നടത്തുന്നതിനിടെ ഇടതുവിദ്യാർഥി സംഘടനാ പ്രവർത്തകർ ഇതിനെ ചോദ്യം ചെയ്ത് അക്രമം നടത്തുകയായിരുന്നെന്ന് നരേന്ദ്ര പൊലീസിനോടു പറഞ്ഞു. സംഭവത്തിൽ 4 വിദ്യാർഥികൾക്കെതിരെ കേസെടുത്തതായി എസ്പി ഇഷാപാന്ത് പറഞ്ഞു. അക്രമികളെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമസേന രംഗത്തു വന്നു.