ബെംഗളൂരു: ഇന്ധന ടാങ്കിൽ നിന്ന് ഡീസൽ കവർച്ച ചെയ്യാനായി കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ചു. തുമകുരുവിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഡീസൽ എടുത്ത ശേഷം മോഷ്ടാക്കൾ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
തുമകുരുവിലെ ഗുബ്ബി സ്റ്റാൻഡിൽ നിന്ന് തിങ്കളാഴ്ച പുലർച്ചയോടെയാണ് ബസ് മോഷണം പോയത്. ബസ് ഡ്രൈവർ ഹനുമന്തരായ തലേ ദിവസം രാത്രി 9.40 ന് സ്റ്റാൻഡിൽ ബസ് പാർക്ക് ചെയ്യുകയും കെ.എസ്.ആർ.ടി.സിയുടെ ഡോർമിറ്ററിയിൽ ഉറങ്ങുകയുമായിരുന്നു. പിറ്റേ ദിവസം ബസ് എടുക്കാനായി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ബസ് കാണാതായത് അറിഞ്ഞത്. തുടർന്ന് ഗുബ്ബി പോലീസിൽ പരാതി നൽകുകയായിരുന്നു.
ജി.പി.ആർ.എസ് സംവിധാനത്തിലൂടെ നടത്തിയ അന്വേഷണത്തിൽ 30 കിലോമീറ്റർ അകലെയുള്ള ജന്നേഹള്ളിയിലെ വിജനമായ സ്ഥലത്ത് ബസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ധന ടാങ്കിലെ ഡീസൽ മോഷ്ടാക്കൾ പൂർണമായും കവർന്ന നിലയിലായിരുന്നു ബസ് കണ്ടെത്തിയത്.
നിർത്തിയിട്ട ബസുകളിൽ നിന്ന് ഇന്ധനം മോഷ്ടിക്കുന്നത് പതിവാണെങ്കിലും ഇതിനായി ആദ്യമായിട്ടാണ് ബസ് തന്നെ കടത്തിക്കൊണ്ട് പോകുന്നതെന്ന് ഗുബ്ബി പോലീസ് പറഞ്ഞു. സി.ഡി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.