ട്രാഫിക് ബ്ലോക്കില്‍പ്പെടാതിരിക്കാൻ കാല്‍നടയാത്രക്കാരുടെ വഴിയിലൂടെ വാഹനങ്ങള്‍ പായിക്കുന്നത് നമ്മുടെ നഗരങ്ങളില്‍ പുതിയ കാഴ്ചയല്ലെങ്കിലും, റോഡ് തികച്ചും ഒഴിഞ്ഞുകിടക്കുമ്പോഴും ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചുപോയ യുവാവിന്‍റെ ദൃശ്യങ്ങള്‍ വൻ ജനരോഷത്തിന് വഴിവെക്കുന്നു.ബംഗളൂരുവിലെ എൻജിഇഎഫ് സിഗ്നലിന് സമീപത്തുനിന്ന് തൊട്ടടുത്ത വാഹനത്തിലുണ്ടായിരുന്ന യാത്രികൻ പകർത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.റോഡില്‍ മറ്റ് തടസങ്ങളൊന്നുമില്ലാതിരുന്നിട്ടും ഫുട്പാത്തിലൂടെ അമിതവേഗതയില്‍ കുതിച്ച സ്കൂട്ടർ യാത്രക്കാരന്‍റെ അപകടകരമായ ഡ്രൈവിംഗാണ് ആളുകളെ പ്രകോപിപ്പിച്ചത്.
കാല്‍നടയാത്രക്കാരുടെ സുരക്ഷ പൂർണമായും തകിടം മറിക്കുന്ന ഇത്തരം പ്രവണതകള്‍ കേവലം നിയമലംഘനം മാത്രമല്ലെന്നും അടിസ്ഥാന പൗരബോധമില്ലായ്മയുടെ തെളിവാണെന്നും ചൂണ്ടിക്കാട്ടിയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.സ്കൂട്ടറിന്‍റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമാക്കിക്കൊണ്ട് ബംഗളൂരു ട്രാഫിക് പൊലിസിനെ ടാഗ് ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.കാല്‍നടയാത്രക്കാരെ ഭീതിയിലാഴ്ത്തുന്ന ഇത്തരം നിയമലംഘകർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി വേണമെന്ന ആവശ്യത്തില്‍ ഒന്നടങ്കം പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.