ബെംഗളൂരു: ചരിത്രപ്രസിദ്ധമായ ദസറയോടനുബന്ധിച്ച് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക കെഎസ്ആർടിസി.ദസറ അവധിയോടനുബന്ധിച്ച് ഒക്ടോബർ 16 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവർ ഏറെയുള്ള ബെംഗളൂരുവില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി 3,000ത്തിലധികം അധിക ബസുകള്‍ സർവീസ് നടത്തും. ബെംഗളൂരുവില്‍ നിന്ന് 3,000 ബസുകളും മൈസൂരുവില്‍ നിന്ന് 400 പ്രത്യേക ബസുകളാണ് സജ്ജമാക്കുക.കെംപെഗൗഡ ബസ് സ്റ്റേഷൻ (മജസ്റ്റിക്), മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ശാന്തിനഗറിലെ ബിഎംടിസി (ബിഎംടിസി) ബസ് സ്റ്റേഷൻ എന്നിവിടങ്ങളില്‍ നിന്നായിരിക്കും കെഎസ്ആർടിസിയുടെ പ്രത്യേക ബസുകള്‍ സർവീസ് നടത്തുക. കർണാടകയിലെ പ്രധാന നഗരങ്ങള്‍ക്ക് പുറമേ കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും സർവീസ് ഉണ്ടാകും.
കേരളത്തില്‍ എറണാകുളം, പാലക്കാട് എന്നിവടങ്ങളിലേക്കും പ്രത്യേക സർവീസുകള്‍ ഉണ്ടാകും. ചെന്നൈ ഉള്‍പ്പെടെയുള്ള വൻ നഗരങ്ങളിലേക്കും സർവീസ് ഉണ്ടാകും.പ്രത്യേക ബസ് സർവീസുകള്മംഗളൂരു, ഉഡുപ്പി, കുന്ദാപുര, പുത്തൂർ, ധർമ്മസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശൃംഗേരി, ഹൊറനാട്, ശിവമോഗ, മടിക്കേരി, ദാവണഗെരെ, ഗോകർണ, ഹുബ്ബള്ളി – ധാർവാഡ്, ബെലഗാവി, വിജയപുര, കാർവാർ, ബെല്ലാരി, ഹൊസപേട്ടെ, കലബുറഗി, റായ്ച്ചൂർ, ഹൈദരാബാദ്, വിജയവാഡ, നെല്ലൂർ, ചെന്നൈ, ഊട്ടി, കൊടൈക്കനാല്‍, സേലം, തിരുച്ചിറപ്പള്ളി, കുംഭകോണം, കോയമ്പത്തൂർ, മധുര, പനാജി, മന്ത്രലയം, പൂനെ, എറണാകുളം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഈ പ്രത്യേക ബസുകള്‍ സർവീസ് നടത്തുന്നത്.അഡ്വാൻസ് ബുക്കിങ് വഴി റിസർവ് ചെയ്ത അധിക ബസുകള്‍ വിജയനഗർ, യശ്വന്ത്പുര, ജയനഗർ, ബനശങ്കരി ടിടിഎംസി (TTMC) കേന്ദ്രങ്ങള്‍, ബസവേശ്വര നഗർ, ഡോംലൂർ തുടങ്ങിയ ബസ് സ്റ്റേഷനുകളില്‍ നിന്ന് സർവീസ് നടത്തും.ബെംഗളൂരുവിലേക്ക് പ്രത്യേക സർവീസുകള്ഒക്ടോബർ 20, 21 തീയതികളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക ബസുകള്‍ സർവീസ് നടത്തും. മൈസൂരു ദസറയോടനുബന്ധിച്ച്, ബെംഗളൂരുവിലെ മൈസൂരു റോഡ് ബസ് സ്റ്റേഷനില്‍ നിന്ന് മൈസൂരുവിലേക്കും, മൈസൂരുവില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുമായി യഥാക്രമം 300ഉം 400ഉം പ്രത്യേക ബസുകള്‍ സർവീസ് നടത്തും.
ചാമുണ്ഡി ഹില്‍സ്, കെആർഎസ് ഡാം/ബൃന്ദാവൻ ഗാർഡൻസ്, ശ്രീരംഗപട്ടണ, നഞ്ചനഗൂഡ്, മടിക്കേരി, മാണ്ഡ്യ, മലവള്ളി, എച്ച്ഡി കോട്ടെ, ചാമരാജനഗർ, ഹുൻസൂർ, കെആർ നഗർ, ഗുണ്ട്ലുപേട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികള്‍ക്ക് ഈ ബസുകള്‍ പ്രയോജനപ്പെടും.വിവിധ സ്ഥലങ്ങളില്‍ നിന്ന് മൈസൂരുവിലേക്ക് നിലവിലുള്ള കർണാടക സാരീഗെ, രാജഹംസ, സ്ലീപ്പർ, ഐരാവത്, ഐരാവത് ക്ലബ് ക്ലാസ്, അംബാരി ഡ്രീം ക്ലാസ്, പല്ലക്കി സ്ലീപ്പർ, അശ്വമേധ തുടങ്ങിയ ബസ് സർവീസുകള്‍ക്ക് പുറമെയാണിത്. മൈസൂരുവിലെ മൊഫ്യൂസില്‍, സിറ്റി ബസ് സ്റ്റേഷനുകളില്‍ കെഎസ്ആർടിസി (KSRTC) വിവരസാങ്കേതിക കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. യാത്രാത്തിരക്ക് അനുസരിച്ച് എല്ലാ താലൂക്ക്/ജില്ലാ ബസ് സ്റ്റാൻഡുകളില്‍ നിന്നും പ്രത്യേക ബസുകള്‍ സർവീസ് നടത്തും.