ന്യൂഡല്‍ഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ സുപ്രീംകോടതിയിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചു.വോട്ട് മോഷണം അവസാനിപ്പിക്കുക, എസ്.ഐ.ആർ നടപടികള്‍ നിറുത്തി വയ്ക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം രാജ്യത്തിന് വേണ്ടി നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സമർപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പ്രഖ്യാപിച്ചു.ഇന്നലെ രാജ്യത്തെ യുവജനങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കാൻ ഡല്‍ഹിയിലെ തെരുവുകളിലിറങ്ങി. പകയോ വിദ്വേഷമോ അല്ല, ഹൃദയത്തില്‍ സ്നേഹവുമായാണ് അവർ എത്തിയത്. എന്നാല്‍ പൊലീസും ബി.ജെ.പി ഗുണ്ടകളും അവരെ മർദ്ദിച്ചു. ഇതല്ല നമ്മള് ആഗ്രഹിക്കുന്ന ഇന്ത്യ. നാളെ, പാർട്ടി, ലിംഗം, ജാതി, സമുദായം, സംസ്ഥാനം തുടങ്ങിയ വ്യത്യാസങ്ങള്‍ക്കതീതമായി ഇന്ത്യക്കാരെന്ന നിലയില്‍ നാം സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തും.
യുവജനങ്ങളും പ്രതിപക്ഷ പാർട്ടികളും സിവില്‍ സൊസൈറ്റി സംഘടനകളും ജനാധിപത്യത്തില്‍ വിശ്വസിക്കുകയും ഇന്ത്യൻ ഭരണഘടനയ്ക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന എല്ലാവരും ഞങ്ങളോടൊപ്പം അണിചേരുമെന്ന് രാഹുല്‍ കുറിപ്പില്‍ വ്യക്തമാക്കി.വോട്ട് മോഷണം അവസാനിപ്പിക്കുക, എസ്.ഐ.ആർ നടപടികള്‍ നിർത്തിവയ്ക്കുക, ഗ്യാനേഷ് കുമാർ രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തിനുവേണ്ടി ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കും. നരേന്ദ്ര മോദി, അമിത് ഷാ, അജിത് ഡോവല്‍, മോഹൻ ഭാഗവത് എന്നിവർക്ക് ഇന്ത്യയുടെ ശബ്ദത്തെ നിശബ്ദമാക്കാനാവില്ല. ഈ ഭീരുക്കള്‍ക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. അവർക്ക് സ്ഥാനമൊഴിയേണ്ടിവരും. സ്നേഹത്തോടെയും സാഹോദര്യത്തോടെയും രാജ്യസ്നേഹത്തോടെയും നാം ഒരുമിച്ച് മാർച്ച് നടത്തും. ഭയപ്പെടരുത്, നാളെ ഇന്ത്യയൊന്നാകെ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തും. രാഹുല്‍ കുറിച്ചു.