കൊച്ചി: ഇംഗ്ലണ്ടില്‍ പഠനത്തിനായി പോയ മകളെക്കുറിച്ച് രണ്ടുവർഷത്തിലേറെയായി വിവരമില്ലെന്ന മാതാപിതാക്കളുടെ ഹർജിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍.യുവതിയുടെ നിലവിലെ സ്ഥിതി അന്വേഷിച്ച് വിവരം അറിയിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷനോട് കോടതി നിർദേശിച്ചു. കോഴിക്കോട് സ്വദേശികളായ മാതാപിതാക്കള്‍ സമർപ്പിച്ച ഹർജിയില്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.മകള്‍ ഇംഗ്ലണ്ടില്‍ മറ്റൊരാളോടൊപ്പം കഴിയുകയാണെന്നും അവള് സുരക്ഷിതയാണോ, എവിടെയാണ് താമസിക്കുന്നത്, സ്വന്തം ഇഷ്ടപ്രകാരമാണോ അവിടെ കഴിയുന്നത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.2024 ജനുവരി എട്ടിനാണ് യുവതി എംബിഎ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയത്. ഹർഷ്ദീപ് സിങ് എന്നയാള്‍ മകളെ നിയമവിരുദ്ധമായി തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് ഹർജിക്കാരുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ ഇന്ത്യൻ ഹൈക്കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, യുവതിയും ഹർഷ്ദീപ് സിങ്ങും സന്തോഷത്തോടെ ഒരുമിച്ച് താമസിക്കുകയാണെന്ന മറുപടിയാണ് ഇയാള്‍ നല്‍കിയതെന്ന് ഹർജിയില്‍ പറയുന്നു.