ബെംഗളൂരു: സംസ്ഥാനം കടുത്ത വരള്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നതിനിടയില്‍, മന്ത്രിമാർക്കും എം.പിമാർക്കും പുതിയ ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങാനുള്ള തുകയുടെ പരിധി ഉയർത്തി കർണാടക സർക്കാർ.നിലവിലുണ്ടായിരുന്ന 26 ലക്ഷം രൂപയില്‍ നിന്ന് ജി.എസ്.ടി (GST) ഉള്‍പ്പെടെ 31 ലക്ഷം രൂപയായാണ് തുകയുടെ പരിധി വർദ്ധിപ്പിച്ചത്.ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണല്‍ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് (DPAR – സ്റ്റേറ്റ് പ്രോട്ടോക്കോള്‍) ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. എം.പിമാർക്ക് ഔദ്യോഗിക വാഹന സൗകര്യം നല്കുന്ന രാജ്യത്തെ അപൂർവ്വം സംസ്ഥാനങ്ങളിലൊന്നാണ് കർണാടക.
മുൻപ് 2022-ലാണ് വാഹനം വാങ്ങാനുള്ള തുകയുടെ പരിധി 23 ലക്ഷത്തില്‍ നിന്നും 26 ലക്ഷമായി ഉയർത്തിയത്. എന്നാല്‍, നിലവിലെ കാറുകളുടെ വിലവർദ്ധനവ് കണക്കിലെടുത്താണ് തീരുമാനം പുതുക്കിയതെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. മൂന്ന് വർഷം പഴക്കമുള്ളതോ അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റർ ഓടിയതോ ആയ വാഹനങ്ങള്‍ക്ക് പകരം പുതിയവ വാങ്ങാൻ അപേക്ഷിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.സംസ്ഥാനത്തെ 177 താലൂക്കുകളില്‍ കടുത്ത വരള്‍ച്ച മൂലം 46,000 കോടി രൂപയുടെ കൃഷിനാശവും സാമ്പത്തിക നഷ്ടവും സംഭവിച്ചിട്ടുണ്ടെന്നാണ് സർക്കാരിന്റെ തന്നെ കണക്കുകൂട്ടല്‍. ഇതിനായി കേന്ദ്രത്തില്‍ നിന്നും 10,000 കോടിയോളം രൂപയുടെ അടിയന്തര സഹായം തേടി നില്ക്കുന്ന സാഹചര്യത്തിലാണ് ജനപ്രതിനിധികളുടെ ആഡംബര വാഹനങ്ങള്‍ക്കായി കോടികള്‍ അനുവദിക്കുന്ന ഉത്തരവ് പുറത്തുവന്നത്. സർക്കാരിന്റെ ഈ നടപടിക്കെതിരെ ജനങ്ങള്‍ക്കിടയിലും പ്രതിപക്ഷങ്ങള്ക്കിടയിലും കടുത്ത അമർഷവും വിമർശനവും ഉയരുന്നുണ്ട്.