Home കർണാടക ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

ബെംഗളൂരുവില്‍ ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്.ബെംഗളൂരു സൗത്ത് ഡിസ്ട്രിക്റ്റ് കോടതിയാണ് പ്രതികളായ ലോകേഷ്, ഗുരുപ്രസാദ് എന്നിവര്‍ക്ക് കഠിനശിക്ഷ വിധിച്ചത്. കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് 5 ലക്ഷം രൂപ ധനസഹായം നല്‍കാനും കോടതി ഉത്തരവിട്ടു.പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിലാണ് കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 2020 ഒക്ടോബറില്‍ കുദൂരു പൊലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച പ്രതികള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ, അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കിയ കുദൂരു പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും കൃത്യമായ തെളിവുകളോടെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ദീര്‍ഘമായ വിചാരണ നടപടികള്‍ക്കൊടുവിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.ഒന്നാം പ്രതി ലോകേഷിന് 20 വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തില്‍ പങ്കുചേരുകയും ഒന്നാം പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത രണ്ടാം പ്രതി ഗുരുപ്രസാദിന് 5 വര്‍ഷം തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പഞ്ചാക്ഷരിയുടേതാണ് ഉത്തരവ്. ശാരീരികമായും മാനസികമായും അതിക്രമം നേരിട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group