Home കർണാടക 2027 ഫെബ്രുവരി മുതല്‍ ബെംഗളൂരുവില്‍ കടുത്ത ജലക്ഷാമമുണ്ടാകുമെന്ന് ജ്യോതിഷി; കുപ്പിവെള്ളം പോലും കിട്ടില്ല!

2027 ഫെബ്രുവരി മുതല്‍ ബെംഗളൂരുവില്‍ കടുത്ത ജലക്ഷാമമുണ്ടാകുമെന്ന് ജ്യോതിഷി; കുപ്പിവെള്ളം പോലും കിട്ടില്ല!

2027 ഫെബ്രുവരി മുതല്‍ ബെംഗളൂരു കടുത്ത ജലക്ഷാമം നേരിട്ടേക്കാം എന്ന് ജ്യോതിഷി പ്രശാന്ത് കിനി. ഇത് ഐടി കമ്പനികളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനും നഗരവാസികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകാനും കാരണമായേക്കാം എന്ന് അദ്ദേഹം പ്രവചിച്ചു.കുപ്പിവെള്ളത്തിന് പോലും ക്ഷാമം ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.നേരത്തെ, 2026 മാര്‍ച്ചിന് ശേഷം ഇന്ത്യയില്‍ ഇന്ധന, പ്രകൃതിവാതക വിതരണത്തില്‍ തടസങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പ്രവചിച്ചിരുന്നു. എല്‍പിജി ക്ഷാമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയില്‍, ഈ പഴയ പോസ്റ്റ് വൈറലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രവചനവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. കിനിയുടെ പ്രവചനപ്രകാരം, 2027 ഫെബ്രുവരി മുതല്‍ ബെംഗളൂരു ഗുരുതരമായ ജലപ്രതിസന്ധി നേരിട്ടേക്കാം.

ഈ ക്ഷാമം വീടുകളെ മാത്രമല്ല, ബിസിനസ് സ്ഥാപനങ്ങളെയും നഗരത്തിലെ വലിയ ഐടി മേഖലയെയും ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വെള്ളമില്ലാത്തതിനാല്‍ പല ഐടി കമ്പനികള്‍ക്കും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നേക്കാമെന്നും, സാഹചര്യം മെച്ചപ്പെടുന്നത് വരെ ചില താമസക്കാര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയേക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്.എന്നാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ഇത് സംബന്ധിച്ച സ്ഥിരീകരണമൊന്നുമില്ല. മഴയുടെ അളവ്, ജലസംഭരണികളിലെ ജലനിരപ്പ്, ഭൂഗര്‍ഭജല ലഭ്യത, ജലത്തിനായുള്ള ആവശ്യം, വരും മാസങ്ങളില്‍ നഗര ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും യഥാര്‍ത്ഥ സാഹചര്യം രൂപപ്പെടുക. എന്നിരുന്നാലും പസഫിക് സമുദ്രത്തില്‍ എല്‍ നിനോ പ്രതിഭാസം ശക്തിപ്പെടുന്നതിനെക്കുറിച്ച്‌ അന്താരാഷ്ട്ര കാലാവസ്ഥാ ഏജന്‍സികള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.2026 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍, മധ്യ-കിഴക്കന്‍ പസഫിക് സമുദ്രമേഖലയിലെ ഉപരിതല താപനില ശരാശരിയേക്കാള്‍ ഏകദേശം 3.7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ ഒക്ടോബര്‍ 8-ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് 2015-16 കാലഘട്ടത്തിലുണ്ടായ എല്‍ നിനോയുടെ റെക്കോര്‍ഡിനെ മറികടക്കാന്‍ സാധ്യതയുണ്ട്.2027 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ ശക്തമായതോ അതിശക്തമായതോ ആയ എല്‍ നിനോ തുടരാന്‍ 83 ശതമാനം സാധ്യതയുണ്ടെന്ന് യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ ക്ലൈമറ്റ് പ്രെഡിക്ഷന്‍ സെന്റര്‍ സൂചിപ്പിക്കുന്നു. ആഗോള കാലാവസ്ഥാ രീതികളെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഈ പ്രതിഭാസം, വിവിധ പ്രദേശങ്ങളില്‍ ചൂട് വര്‍ധിക്കുന്നതിനും മഴയുടെ ലഭ്യതയില്‍ മാറ്റങ്ങള്‍ വരുന്നതിനും കാരണമായേക്കാം.ഇന്ത്യയില്‍ താപനില ഉയരാനും ജലവിഭവങ്ങള്‍, കൃഷി, വൈദ്യുതി ആവശ്യം എന്നിവയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകാനും സാധ്യതയുണ്ട്. സൂപ്പര്‍ എല്‍ നിനോ മൂലം രാജ്യത്ത് ഇത്തവണ മണ്‍സൂണ്‍ മഴയില്‍ 12.6 ശതമാനം കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇത്തരം ആശങ്കകള്‍ ഉയരുന്നത്. എങ്കിലും, എല്‍ നിനോയുടെ തീവ്രത മാത്രം കണക്കിലെടുത്ത് ബെംഗളൂരുവില്‍ ജലക്ഷാമം ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറയാനാവില്ല.പ്രാദേശികമായി ലഭിക്കുന്ന മഴ, ജലസംഭരണികളിലെ ജലനിരപ്പ്, ഭൂഗര്‍ഭജല സ്ഥിതി, ജലവിഭവങ്ങളുടെ കൈകാര്യം ചെയ്യല്‍ എന്നിവയായിരിക്കും ജലക്ഷാമത്തിന്റെ തോത് നിര്‍ണയിക്കുക.

ബെംഗളൂരു നഗരം കാവേരി നദിയില്‍ നിന്നുള്ള വെള്ളത്തെയും, ബോര്‍വെല്ലുകള്‍ വഴി ഭൂഗര്‍ഭത്തില്‍ നിന്ന് എടുക്കുന്ന വെള്ളത്തെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്. നഗരത്തിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യയും വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ പ്രവര്‍ത്തനങ്ങളും ഇവിടുത്തെ ജലവിതരണ സംവിധാനത്തിന് വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് നിലവിലുള്ള വിതരണ സംവിധാനത്തിലൂടെ ദിവസവും ഏകദേശം 1,450 ദശലക്ഷം ലിറ്റര്‍ കാവേരി ജലം നഗരത്തില്‍ വിതരണം ചെയ്യുന്നുണ്ട്. ബോര്‍വെല്ലുകളെ അമിതമായി ആശ്രയിക്കുന്ന പ്രദേശങ്ങളില്‍, ഭൂഗര്‍ഭജല ലഭ്യത മറ്റൊരു പ്രധാന ആശങ്കയാണ്. ഭൂഗര്‍ഭജലനിരപ്പ് താഴുന്നതും പഴയ ബോര്‍വെല്ലുകള്‍ പ്രവര്‍ത്തനരഹിതമാകുന്നതും കാരണം ബെംഗളൂരുവിലെ പല വാര്‍ഡുകളും വലിയ പ്രതിസന്ധി നേരിടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.മഴ കുറയുകയും ഭൂഗര്‍ഭജലനിരപ്പ് ഇനിയും താഴുകയും ചെയ്താല്‍, വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ലഭ്യമായ ജലസ്രോതസുകള്‍ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകും.

ഇത്തരം സാഹചര്യങ്ങളില്‍, ജലസംരക്ഷണം, ജലലഭ്യതയുടെ നിരീക്ഷണം, നഗര ഭരണകൂടങ്ങളുടെ കൃത്യസമയത്തുള്ള ഇടപെടല്‍ എന്നിവ കൂടുതല്‍ അനിവാര്യമായിത്തീരും.ഇന്ത്യയിലെ ഇന്ധന, പ്രകൃതിവാതക വിതരണത്തെക്കുറിച്ച്‌ നേരത്തെ നടത്തിയ ഒരു പ്രവചനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രശാന്ത് കിനിയുടെ പുതിയ പ്രവചനം ശ്രദ്ധയാകര്‍ഷിക്കുന്നത്. 2025 സെപ്റ്റംബര്‍ 27-ന് 2026 മാര്‍ച്ചിന് ശേഷം ഇന്ത്യയില്‍ ഇന്ധന, പ്രകൃതിവാതക വിതരണത്തില്‍ തടസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങളെ ബാധിക്കുന്ന രീതിയില്‍ എല്‍പിജി ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്താണ് ഈ പഴയ പോസ്റ്റ് വീണ്ടും ചര്‍ച്ചയായത്. കൂടാതെ, അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ എന്നിവയുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഊര്‍ജ്ജ വിതരണത്തെക്കുറിച്ചുള്ള ആശങ്കകളും വര്‍ദ്ധിപ്പിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group