ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവില്‍ റാപ്പിഡോ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്ന യുവതിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.പിതാവിന്റെ മരണത്തിന് പിന്നാലെ അമ്മയെ ഒറ്റയ്ക്കാക്കി രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടായതോടെയാണ് കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റർ തൻവി യുവതിയുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് കഥ ശ്രദ്ധ നേടിയത്.
കുടുംബത്തില്‍ നിന്ന് തുടക്കത്തില്‍ എതിർപ്പുണ്ടായിരുന്നെങ്കിലും സ്വന്തം സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യാൻ തീരുമാനിച്ചതെന്ന് യുവതി പറയുന്നു.ഓട്ടോ ഓടിക്കുന്നത് കുറഞ്ഞ നിലവാരത്തിലുള്ള ജോലിയല്ലെന്നും യുവതി വ്യക്തമാക്കി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന സമയത്തേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ഒരാള്‍ ഓട്ടോ ഓടിക്കുന്നത് കണ്ട് പലരും അത്ഭുതപ്പെടാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു.
സമയത്തെ കൂടുതല്‍ നിയന്ത്രിക്കാനും അമ്മയ്ക്കൊപ്പം കഴിയാനും പുതിയ ജോലി സഹായിക്കുന്നുണ്ടെന്നാണ് യുവതിയുടെ വാക്കുകള്‍. സാമൂഹികമായ കാഴ്ചപ്പാടുകളെക്കാള്‍ സ്വന്തം ആവശ്യങ്ങള്‍ക്കും കുടുംബത്തിനും മുൻഗണന നല്‍കിയാണ് അവർ പുതിയ തൊഴില്‍ തിരഞ്ഞെടുത്തത്.യുവതിയുടെ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. സ്വന്തം ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ മറ്റുള്ളവരുടെ അഭിപ്രായം പരിഗണിക്കാതെ എടുക്കാനുള്ള ആത്മവിശ്വാസമാണ് യുവതിയുടെ കഥയിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു പലരുടെയും പ്രതികരണം. കോർപ്പറേറ്റ് ജോലിക്ക് പകരം കൂടുതല്‍ സ്വാതന്ത്ര്യവും സമാധാനവും നല്‍കുന്ന തൊഴില്‍ തിരഞ്ഞെടുത്തതിനെയും നിരവധി പേർ അഭിനന്ദിച്ചു.