Home കർണാടക ബെംഗളൂരുവില്‍ പുതിയ മാറ്റം; ടോള്‍ പ്ലാസകള്‍ ഒഴിവാക്കും, ഈ രണ്ട് പ്രധാന റോഡുകളില്‍ ഇനി ബദല്‍ സംവിധാനം

ബെംഗളൂരുവില്‍ പുതിയ മാറ്റം; ടോള്‍ പ്ലാസകള്‍ ഒഴിവാക്കും, ഈ രണ്ട് പ്രധാന റോഡുകളില്‍ ഇനി ബദല്‍ സംവിധാനം

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തില്‍ പ്രധാന രണ്ട് ഹൈവേ പാതകളില്‍ വാഹനങ്ങള്‍ ടോള്‍ ബൂത്തുകളില്‍ നിർത്താതെ കടന്നുപോകാൻ കഴിയുന്ന മള്‍ട്ടി ലെയ്ൻ ഫ്രീ ഫ്ലോ ടോള്‍ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നു.ഇലക്‌ട്രോണിക് സിറ്റി എലിവേറ്റഡ് റോഡിലും ബെംഗളൂരു നെലമംഗള ഹൈവേയിലുമാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഇതോടെ വാഹനങ്ങള്‍ നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്യാതെ തന്നെ ടോള്‍ തുക ഇലക്‌ട്രോണിക് ആയി ഈടാക്കാനാകും.പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയല്‍ ക്യാമറകള്‍ ഉപയോഗിച്ചാണ് വാഹനങ്ങളെ തിരിച്ചറിയുക. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ക്യാമറകള്‍ വഴി രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട ഫാസ്‌റ്റാഗ് അക്കൗണ്ടില്‍ നിന്ന് ടോള്‍ തുക സ്വമേധയാ ഈടാക്കും. നിലവിലെ ടോള്‍ പ്ലാസകളിലെ നീണ്ട നിരകളും വാഹനങ്ങള്‍ വേഗം കുറച്ച്‌ കടന്നുപോകേണ്ട സാഹചര്യവും ഇതോടെ ഒഴിവാക്കാനാകും.

രാജ്യത്തെ ചില ദേശീയപാതകളില്‍ ഇതിനകം നടപ്പാക്കിയിട്ടുള്ള ഈ സംവിധാനം കർണാടകയില്‍ ആദ്യമായി ഈ രണ്ട് പ്രധാന പാതകളില്‍ കൊണ്ടുവരാനാണ് നീക്കം.ഇരു പാതകളിലൂടെയും ദിവസവും ഒരു ലക്ഷത്തിലധികം വാഹനങ്ങളാണ് കടന്നുപോകുന്നത്. കാറുകള്‍ മുതല്‍ വലിയ ചരക്ക് വാഹനങ്ങള്‍ വരെയുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഫാസ്‌റ്റാഗ് വഴി ടോള്‍ തുക ഈടാക്കുന്നതിനായി ടോള്‍ ഗേറ്റുകള്‍ക്ക് സമീപം വാഹനങ്ങള്‍ വേഗം കുറയ്ക്കുകയോ നിരയില്‍ നില്‍ക്കുകയോ ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. വാഹനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കാനും തിരക്ക് കുറയ്ക്കാനുമാണ് പുതിയ സംവിധാനം നിർദേശിച്ചിരിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കി.പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ 10 കിലോമീറ്റർ ദൈർഘ്യമുള്ള ഇലക്‌ട്രോണിക് സിറ്റി എലിവേറ്റഡ് റോഡിലെയും 14 കിലോമീറ്റർ ദൈർഘ്യമുള്ള അത്തിബെലെ ഭാഗത്തെയും നിലവിലെ ടോള്‍ ബൂത്തുകള്‍ നീക്കം ചെയ്യും. ഗൊരഗുണ്ടെപാളയയില്‍ നിന്ന് ആരംഭിക്കുന്ന ബെംഗളൂരു നെലമംഗള ഹൈവേയും മള്‍ട്ടി ലെയ്ൻ ഫ്രീ ഫ്ലോ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരും.

വാഹനങ്ങളെ തിരിച്ചറിഞ്ഞ ശേഷം ഫാസ്‌റ്റാഗ് അക്കൗണ്ടില്‍ നിന്ന് ടോള്‍ തുക സ്വമേധയാ ഈടാക്കുന്നതാണ് സംവിധാനം. എന്നാല്‍ ഫാസ്‌റ്റാഗ് അക്കൗണ്ടില്‍ മതിയായ ബാലൻസ് ഇല്ലെങ്കില്‍ ടോള്‍ ഒഴിവാകില്ല. വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കുകയും 72 മണിക്കൂറിനുള്ളില്‍ തുക അടയ്ക്കാൻ അവസരം നല്‍കുകയും ചെയ്യും. സമയപരിധിക്കുള്ളില്‍ ടോള്‍ അടച്ചില്ലെങ്കില്‍ ഇരട്ടി തുക ഈടാക്കാൻ സാധ്യതയുണ്ട്.ടോള്‍ ബൂത്തുകള്‍ നീക്കം ചെയ്‌താലും ടോള്‍ പിരിവ് തുടരും. ഇലക്‌ട്രോണിക് സിറ്റി എലിവേറ്റഡ് റോഡിന്റെ 20 വർഷത്തെ സ്വകാര്യ പങ്കാളിത്ത കരാർ അവസാനിച്ചതോടെ ഇപ്പോള്‍ പദ്ധതി ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലാണ്. ഇതിന്റെ ഭാഗമായി ടോള്‍ നിരക്കുകളില്‍ മാറ്റം വരുത്താൻ സാധ്യതയുണ്ട്.അതേസമയം ഇരുചക്രവാഹനങ്ങളില്‍ നിന്നുള്ള ടോള്‍ ഒഴിവാക്കാനും നീക്കമുണ്ട്. സില്‍ക്ക് ബോർഡ് മുതല്‍ തമിഴ്‌നാട് അതിർത്തി വരെയുള്ള പാതയിലും നിലവിലെ ടോള്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി പുതിയ നിരക്ക് സംവിധാനം നടപ്പാക്കാൻ സാധ്യതയുണ്ട്. വർഷങ്ങളായി ഈ പാതയില്‍ ഇരു ചക്ര വാഹനങ്ങള്‍ക്ക് ടോള്‍.ഈടാക്കിയിരുന്നു. അത് തുടരാൻ ഇടയില്ലെന്നാണ് ലഭ്യമായ റിപ്പോർട്ടുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group