Home കർണാടക ബെംഗളൂരു ഹെബ്ബാള്‍ ടണല്‍ റോഡ്; എതിര്‍പ്പ് ശക്തമാവുന്നു, പാരിസ്ഥിതിക ആഘാതം പഠിക്കണമെന്ന് ആവശ്യം

ബെംഗളൂരു ഹെബ്ബാള്‍ ടണല്‍ റോഡ്; എതിര്‍പ്പ് ശക്തമാവുന്നു, പാരിസ്ഥിതിക ആഘാതം പഠിക്കണമെന്ന് ആവശ്യം

by ടാർസ്യുസ്

ബെംഗളൂരു: നിർദ്ദിഷ്‌ട ഹെബ്ബാള്‍ ഷോർട്ട് ടണല്‍ പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം വിശദമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് 21,000ത്തിലധികം പേരുടെ ഒപ്പുകളുമായി പൗരസംഘം വനം പരിസ്ഥിതി മന്ത്രി രാമലിംഗ റെഡ്ഡിയെ കണ്ടു.പദ്ധതിയുടെ ഭാഗമായി ജൈവവൈവിധ്യ ഇടനാഴിക്ക് ഉണ്ടാകാവുന്ന നഷ്‌ടം, പക്ഷികള്‍ക്കുണ്ടാകുന്ന ആഘാതം, ഹെബ്ബാള്‍ തടാകത്തിന്റെ 3.5 ഏക്കർ സ്ഥലം പദ്ധതിക്കായി ഉപയോഗിക്കാനുള്ള നിർദേശം എന്നിവയാണ് സംഘം പ്രധാനമായും ഉന്നയിച്ചത്.തടാകങ്ങള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങള്‍ പൊതുജനങ്ങളുടെ സംരക്ഷണത്തിലുള്ള പ്രകൃതിവിഭവങ്ങളാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അവയുടെ പാരിസ്ഥിതിക തകർച്ച തടയേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രിക്ക് നല്‍കിയ കത്തില്‍ പൗരസംഘം ചൂണ്ടിക്കാട്ടി.

ടണല്‍ റോഡുമായി ബന്ധപ്പെട്ട് ഉയരുന്ന എതിർപ്പ് ശക്തമാവുന്ന സാഹചര്യത്തിലാണ് ഈ സംഭവം.പദ്ധതിയുടെ ഭാഗമായി നിരവധി മരങ്ങളെ ബാധിക്കാനിടയുള്ളതിനാല്‍ ഇതുസംബന്ധിച്ച്‌ പൊതുജനാഭിപ്രായം തേടണമെന്നും സംഘം ആവശ്യപ്പെട്ടു. പദ്ധതിപ്രദേശം കേന്ദ്രീകരിച്ച്‌ ജൈവവൈവിധ്യവും വന്യജീവികളും സംബന്ധിച്ച സമഗ്രമായ പഠനം നടത്തണമെന്നും ആവശ്യമുയർന്നു. സംരക്ഷിത വിഭാഗത്തില്‍പ്പെടുന്ന ജീവികള്‍ ഉള്‍പ്പെടെ പ്രദേശത്തെ വന്യജീവികളുടെ സാന്നിധ്യം വിശദമായി പരിശോധിക്കണമെന്നും നിലത്തുതന്നെ കൂടുണ്ടാക്കുകയും പ്രജനനം നടത്തുകയും ചെയ്യുന്ന പക്ഷികളെയും പഠനത്തില്‍ ഉള്‍പ്പെടുത്തണമെന്നും സംഘം ആവശ്യപ്പെട്ടു.ഹെബ്ബാള്‍ തടാകത്തിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തികളും ടണല്‍ നിർമ്മാണവും ദേശാടന പക്ഷികളെ ബാധിക്കുമെന്നാണ് പൗരസംഘത്തിന്റെ ആശങ്ക. തടാകവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ പക്ഷികളുടെ ആവാസവ്യവസ്ഥയിലും അവയുടെ സഞ്ചാരത്തിലും മാറ്റമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.ജൈവവൈവിധ്യം, ഭൂഗർഭജലം, തടാകത്തിലെ ജലപ്രവാഹ സംവിധാനം, വെള്ളപ്പൊക്ക സാധ്യത എന്നിവയെല്ലാം ഒരുമിച്ച്‌ വിലയിരുത്തണമെന്നും സംഘം ആവശ്യപ്പെട്ടു.

മരങ്ങളെയും തടാകത്തെയും പ്രത്യേകം പരിഗണിക്കുന്നതിന് പകരം പദ്ധതിയുടെ സമഗ്രമായ പാരിസ്ഥിതിക ആഘാതം പരിശോധിക്കണമെന്നാണ് ആവശ്യം.മരങ്ങള്‍ മുറിക്കുന്നതിനോ കൂടുതല്‍ പാരിസ്ഥിതിക ഇടപെടലുകള്‍ നടത്തുന്നതിനോ മുമ്പ് സ്വതന്ത്രമായ പരിസ്ഥിതി, വന്യജീവി, വൃക്ഷ, ജലശാസ്ത്ര, ഭൂഗർഭജല പഠനങ്ങള്‍ പൂർത്തിയാക്കണമെന്നും പൗരസംഘം ആവശ്യപ്പെട്ടു. പരിസ്ഥിതിക്ക് കുറഞ്ഞ ആഘാതം ഉണ്ടാക്കുന്ന മറ്റ് മാർഗങ്ങള്‍ കൂടി പരിശോധിച്ച ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകാവൂ എന്നും സംഘം മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, ഹെബ്ബാള്‍ ജംഗ്ഷനില്‍ നിന്ന് കർണാടക വെറ്ററിനറി, അനിമല്‍ ആൻഡ് ഫിഷറീസ് സയൻസസ് സർവകലാശാലയുടെ ഭാഗത്തേക്കാണ് ഏകദേശം 2.2 കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കാൻ ഒരുങ്ങുന്നത്. 6 വരിപ്പാതയുള്ള ഇരട്ട തുരങ്കമായാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. ബെംഗളൂരു ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് പദ്ധതിയുടെ നടത്തിപ്പുകാർ.

You may also like

error: Content is protected !!
Join Our WhatsApp Group