ബെംഗളൂരു: തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന തരത്തിലുള്ള പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.ഡല്‍ഹിയില്‍ ഇരുവരും നടത്തിയ ഒന്നര മണിക്കൂർ കൂടിക്കാഴ്ചയിലാണ് നിർദ്ദേശം. ഇത്തരം പരാമർശങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും മുതിർന്ന നേതാക്കളുടെ അനുഭവസമ്പത്ത് പാർട്ടിക്ക് ഇപ്പോഴും അനിവാര്യമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

2028ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സിദ്ധരാമയ്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.ഇത് സംസ്ഥാന കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രായവും മാറുന്ന തെരഞ്ഞെടുപ്പ് രീതികളും കണക്കിലെടുത്താണ് തീരുമാനമെന്നും മത്സരിക്കില്ലെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും സജീവ പൊതുപ്രവർത്തനം തുടരുമെന്നും സിദ്ധരാമയ്യ രാഹുലിനോട് വിശദീകരിച്ചു. എന്നാല്‍ പാർട്ടി താല്‍പ്പര്യം മുൻനിർത്തി ഇത്തരം കാര്യങ്ങള്‍ പരസ്യമായി ചർച്ച ചെയ്യരുതെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം.കർണാടകയിലെ മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട അതൃപ്തികളും സിദ്ധരാമയ്യ കൂടിക്കാഴ്ചയില്‍ പങ്കുവെച്ചതായി വിവരമുണ്ട്.
മന്ത്രിസഭയിലെ ഒഴിവുകളിലേക്കും എം.എല്‍.സി നാമനിർദേശങ്ങളിലേക്കും തന്റെ വിശ്വസ്തരുടെ പേരുകള്‍ അദ്ദേഹം നിർദേശിച്ചു. കുറുബ സമുദായത്തിന് അർഹമായ പ്രാതിനിധ്യം നല്‍കണമെന്നും ആവശ്യപ്പെട്ടു.2027ലെ സെൻസസില്‍ ജാതി സെൻസസ് ഉള്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനം, കർണാടക പിന്നാക്ക വിഭാഗ കമ്മീഷന്റെ സാമൂഹിക-വിദ്യാഭ്യാസ സർവേ റിപ്പോർട്ട് നടപ്പാക്കല്‍, പിന്നാക്ക വിഭാഗ വിഷയങ്ങളിലെ കോണ്‍ഗ്രസ് തന്ത്രം എന്നിവയും ഇരുവരും ചർച്ച ചെയ്തു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായും സിദ്ധരാമയ്യ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.