Home കർണാടക ബെംഗളൂരു പിപിആര്‍ 2 ഹൈവേ സ്ഥലമേറ്റെടുപ്പിലേക്ക്; 31 ഗ്രാമങ്ങളില്‍ നിന്ന് 1,427 ഏക്കര്‍ ഏറ്റെടുക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമേകും

ബെംഗളൂരു പിപിആര്‍ 2 ഹൈവേ സ്ഥലമേറ്റെടുപ്പിലേക്ക്; 31 ഗ്രാമങ്ങളില്‍ നിന്ന് 1,427 ഏക്കര്‍ ഏറ്റെടുക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമേകും

by ടാർസ്യുസ്

ബെംഗളൂരു: സൗത്ത് ബംഗളൂരുവിലെ ഗതാഗതക്കുരുക്കിന് വലിയൊരളവ് പരിഹാരമാകുന്ന മെഗാ റിംഗ് റോഡ് പദ്ധതിയായ പെരിഫറല്‍ റിങ് റോഡിന് സ്ഥലമേറ്റെടുപ്പിന് തയ്യാറെടുത്ത് ബെംഗളൂരു ഡവലപ്മെന്റ് അതോരിറ്റി.ബംഗളൂരു ബിസിനസ് കോറിഡോർ എന്നും അറിയപ്പെടുന്ന ഈ റോഡിന്റെ വികസനം ഏറെക്കാലമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോള്‍ 52 കിലോമീറ്റർ റോഡിനു വേണ്ടി 1,427.34 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് തയ്യാറെടുപ്പ്. 31 ഗ്രാമങ്ങളിലായി ഏകദേശം 1,126 പേരുടെ പേരിലുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നത്.ആകെ 100 മീറ്റർ വീതിയിലാണ് റോഡ് പോകുന്നത്. ഇതില്‍ 65 മീറ്റർ വീതിയില്‍ 8 വരിപ്പാതയും, സർവീസ് റോഡുകളും, സൈക്കിള്‍ ട്രാക്കും, കാല്‍നടപ്പാതയും വരും.

ഭാവിയില്‍ വരാനിടയുള്ള മെട്രോ പാതയും ഈ 65 മീറ്ററിനുള്ളിലൊതുങ്ങും. ബാക്കി 35 മീറ്റർ വാണിജ്യ ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കും. ഈ റോഡിനെ ഒരു വാണിജ്യകേന്ദ്രം കൂടിയായി വികസിപ്പിക്കുകയാണ് പദ്ധതി. ബെംഗളൂരുവിലെ ചരക്കുവാഹനങ്ങള്‍ വലിയൊരളവ് ഈ റോഡിലേക്ക് മാറുമെന്നാണ് പ്രതീക്ഷ. ഇതോടെ നഗരത്തിലെ തിരക്ക് കുറയും.ഏകദേശം 3,500 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. മൈസൂർ റോഡിനെയും ഹൊസൂർ റോഡിനെയും ബന്ധിപ്പിക്കുന്ന ഈ പാത ജിഗണി, ബൊമ്മസന്ദ്ര, അത്തിബെലെ തുടങ്ങിയ പ്രധാന വ്യവസായ മേഖലകളെ കോർത്തിണക്കുന്നു. പദ്ധതിയില്‍ മൈസൂർ റോഡ് മുതല്‍ ഹൊസൂർ റോഡ് വരെയുള്ള ഭാഗം 33.45 കിലോമീറ്റർ വരും. മഗാഡി റോഡ് മുതല്‍ മൈസൂർ റോഡ് വരെയുള്ള ‘എസ്‌എം കൃഷ്ണ റോഡ്’ നിലവില്‍ ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.പ്രധാന ജങ്ഷനുകളില്‍ ക്ലോവർലീഫ് ഇന്റർചേഞ്ചുകളാണ് ഉണ്ടാവുക.

കൂടുതല്‍ ചരക്ക് വാഹനങ്ങള്‍ പോകാനിടയുള്ള ബന്നാർഘട്ട, കനകപുര റോഡുകളില്‍ ട്രക്ക് ടെർമിനലുകളും നിർമ്മിക്കും. നൈസ് റോഡിന് ഒരു ബദലായി ഈ പാത മാറും. നഗരത്തിനുള്ളിലേക്ക് കടക്കാതെ തന്നെ മൈസൂർ, ഹൊസൂർ, തുമകൂരു, ബിഡദി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ചരക്ക് വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ കടന്നുപോകാൻ മാര്‍ഗം സജ്ജമാകുകയും ചെയ്യും.കാല്‍ നൂറ്റാണ്ട് പിന്നിട്ട പദ്ധതിയാണ് ഇപ്പോള്‍ യാഥാർത്ഥ്യമാകാൻ തയ്യാറെടുക്കുന്നത്. 2004-ലാണ് പദ്ധതിക്ക് ആദ്യമായി അംഗീകാരം ലഭിക്കുന്നത്.

2005-ല്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം വന്നെങ്കിലും നിയമതടസ്സങ്ങളെത്തുടർന്ന് പദ്ധതി നീണ്ടുപോയി. ‍അതെസമയം സ്ഥലത്ത് ഇപ്പോഴും സ്ഥലമേറ്റെടുപ്പിനെതിരെ പ്രശ്നങ്ങളുണ്ട്. കർഷക സംഘടനയായ ‘കർണാടക പ്രാന്ത റൈത സംഘ’ പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിപണി വിലയനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.ഈ 52 കിലോമീറ്റർ പാത പിപിആർ 2 എന്നാണ് അറിയപ്പെടുന്നത്. ഇത് ബംഗളൂരുവിന് ചുറ്റുമായി വരുന്ന 125 കിലോമീറ്റർ റിംഗ് റോഡ് ശൃംഖലയുടെ തെക്കൻ ഭാഗമാണ്. ഇതിന്റെ വടക്കൻ ഭാഗമായ 73 കിമീ റോഡ് (പിപിആർ 2) നിർമ്മാണത്തിനായി കരാർ നല്‍കിക്കഴിഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group