ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ ലൈനിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ കൂട്ടിച്ചേർത്ത് ബിഎംആർസിഎല്‍. ചൈനീസ് കമ്പനിയായ സിആർആർസിയും പശ്ചിമ ബംഗാള്‍ ആസ്ഥാനമായ ടിറ്റാഗർ റെയില്‍ സിസ്‌റ്റംസ് ലിമിറ്റഡും ചേർന്ന് നിർമ്മിച്ച നാലാമത്തെ പുതിയ ട്രെയിനാണ് എത്തിയത്.ആറ് കോച്ചുകളുള്ള ട്രെയിൻ ഓഗസ്‌റ്റ് 20ന് പീന്യ ഡിപ്പോയില്‍ ഇറക്കിയതായി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് അധികൃതർ അറിയിച്ചു.ട്രെയിനിന്റെ എല്ലാ ഗാംഗ്‌വേകള്‍, കപ്ലറുകള്‍, കറന്റ് കളക്‌ടർ ഡിവൈസുകള്‍ എന്നിവ ഘടിപ്പിക്കുന്ന ജോലികള്‍ പൂർത്തിയാക്കിയതിന് പിന്നാലെ ട്രെയിൻ ടെസ്‌റ്റ് ട്രാക്കിലേക്ക് മാറ്റി.

നിലവില്‍ ഇൻസ്പെക്ഷൻ ബേ ലൈൻ കേന്ദ്രീകരിച്ച് വിവിധ പരിശോധനകള്‍ നടക്കുകയാണ്. പുതിയ ട്രെയിനുകളുടെ യാത്രാ സർവീസ് ആരംഭിക്കുന്നതിന് ആവശ്യമായ നിയമപരമായ അനുമതി നടപടികളും പുരോഗമിക്കുകയാണ്.ഈ മാസം ആദ്യം മെട്രോ റെയില്‍വേ സേഫ്റ്റി കമ്മിഷണർ (സതേണ്‍ സർക്കിള്‍) പുതിയ ട്രെയിനുകള്‍ പരിശോധിച്ചിരുന്നു. യാത്രക്കാരെ കയറ്റിയുള്ള സർവീസിന് അനുമതി നല്‍കുന്നതിന് മുമ്പുള്ള നിർണായക ഘട്ടമാണിത്. ഇതുവരെ മൂന്ന് പുതിയ ട്രെയിനുകള്‍ ലഭിച്ചിട്ടുണ്ട്. ഇവ ഡിടിജി സിഗ്നലിങ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.2027 മാർച്ചോടെ 17 ട്രെയിനുകള്‍ കൂടി വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ട്രെയിനുകള്‍ സർവീസിലെത്തുന്നതോടെ പർപ്പിള്‍, ഗ്രീൻ ലൈനുകളിലെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവില്‍ പർപ്പിള്‍ ലൈനില്‍ 33 ട്രെയിനുകളും ഗ്രീൻ ലൈനില്‍ 24 ട്രെയിനുകളുമാണ് സർവീസ് നടത്തുന്നത്.
പുതുതായി ലഭിക്കുന്ന 21 പുതിയ ട്രെയിനുകളും ഗ്രീൻ ലൈനില്‍ സർവീസ് നടത്താനാണ് ബിഎംആർസി പദ്ധതിയിടുന്നത്. നിലവില്‍ ഗ്രീൻ ലൈനില്‍ സർവീസ് നടത്തുന്ന 24 ട്രെയിനുകളില്‍ 17 എണ്ണം ലിവറി മാറ്റി പർപ്പിള്‍ ലൈനിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ പർപ്പിള്‍ ലൈനിലെ ട്രെയിനുകളുടെ എണ്ണം 50 ആയും ഗ്രീൻ ലൈനിലേത് 28 ആയും ഉയരും.പുതിയ ട്രെയിനുകള്‍ കൂടി എത്തുന്നതോടെ ഇരുവഴികളിലെയും സർവീസ് ശേഷി വർധിപ്പിച്ച് യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ദിനംപ്രതി ലക്ഷക്കണക്കിന് യാത്രക്കാരാണ് ബെംഗളൂരു മെട്രോ പ്രയോജനപ്പെടുത്തുന്നത്. കൂടാതെ വർധിച്ചു വരുന്ന ട്രാഫിക് ബ്ലോക്കും മെട്രോയുടെ ആവശ്യകത ഉയർത്തിയിട്ടുണ്ട്.