ബെംഗളൂരിലെ ഒരു ഐടി കമ്ബനിയില്‍ 35 വയസ്സുകാരിയായ വനിതാ ജീവനക്കാരിയുടെ സ്വകാര്യനിമിഷങ്ങള്‍ വാഷ്റൂമില്‍ വെച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചുവെന്ന പരാതി വലിയ ചർച്ചയായിരിക്കുകയാണ്.സഹപ്രവർത്തകൻ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു. വാതിലില്‍ ഒരു നിഴല്‍ കണ്ടപ്പോള്‍ സംശയം തോന്നി ടോയ്‌ലറ്റ് സീറ്റിന് മുകളില്‍ കയറി നോക്കിയപ്പോഴാണ് കുറ്റവാളിയെ കയ്യോടെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. സംഭവത്തിനുശേഷം കമ്ബനി പ്രതിയെ ജോലിയില്‍ നിന്ന് പുറത്താക്കി.
ബാത്ത്റൂമുകള്‍, വസ്ത്രം മാറുന്ന മുറികള്‍, ഹോട്ടല്‍ മുറികള്‍ എന്നിവിടങ്ങളില്‍ രഹസ്യ ക്യാമറകള്‍ കണ്ടെത്തിയതായി ഇത്തരം സംഭവങ്ങള്‍ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജാഗ്രത പുലർത്തുന്നതിലൂടെ ഇത്തരം ക്യാമറകള്‍ക്ക് ഇരയാകുന്നത് ഒഴിവാക്കാൻ കഴിയും.
ഒളിക്യാമറകള്‍ പതിയിരിക്കുന്ന ഇടങ്ങള്‍: ഒളിക്യാമറകള്‍ വളരെ ചെറുതാണെങ്കിലും നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും റെക്കോർഡ് ചെയ്യാൻ അവയ്ക്ക് കഴിയും. നിങ്ങള്‍ ഒരു ബാത്ത്റൂമിലോ, ഏതെങ്കിലും കടയിലെ ചേഞ്ചിംഗ് റൂമില്‍ വസ്ത്രം മാറുന്ന സമയത്തോ, അല്ലെങ്കില്‍ ഹോട്ടല്‍ മുറിയില്‍ നിങ്ങളുടെ പങ്കാളിയോടൊപ്പമോ ആയിരിക്കുമ്ബോള്‍ പോലും അവയ്ക്ക് നിങ്ങളെ പകർത്താൻ സാധിക്കും. ഈ ക്യാമറകള്‍ എവിടെയും എളുപ്പത്തില്‍ ഒളിപ്പിക്കാൻ സാധിക്കും,ഉദാഹരണത്തിന്: കണ്ണാടികള്‍ക്ക് പിന്നില്‍, വാതിലുകളില്‍, ഭിത്തിയുടെ ഏതെങ്കിലും മൂലയില്‍, സീലിംഗില്‍, വിളക്കുകളില്‍, ഫോട്ടോ ഫ്രെയിമുകളില്‍, ടിഷ്യു പേപ്പർ ബോക്സുകളില്‍, പൂക്കളുള്ള പാത്രങ്ങളില്‍, സ്മോക്ക് ഡിറ്റക്ടറുകളില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇവയ്ക്ക് മറഞ്ഞിരിക്കാൻ കഴിയും
ഒളിക്യാമറകള്‍ കണ്ടെത്താനുള്ള വഴികള്‍:സൈബർ വിദഗ്ദ്ധർ പറയുന്നത്, നിങ്ങള്‍ എല്ലായ്പ്പോഴും ജാഗരൂകരായിരിക്കുക എന്നതാണ് പ്രധാനം. പൊതു ശുചിമുറിയിലോ, വസ്ത്രം മാറുന്ന റൂമിലോ, ഹോട്ടല്‍ മുറിയിലോ പ്രവേശിക്കുമ്ബോള്‍ ചുറ്റും നന്നായി നിരീക്ഷിക്കുക. അടുത്തുള്ള വസ്തുക്കളും സീലിംഗിന്റെ കോണുകളും പരിശോധിക്കുക. എവിടെയെങ്കിലും ഒരു ദ്വാരം കണ്ടാല്‍, അതിനുള്ളില്‍ എന്തെങ്കിലും ഘടിപ്പിച്ചിട്ടുണ്ടോ എന്ന് നോക്കുക.കണ്ണാടികള്‍ക്ക് പിന്നിലോ, ഫോട്ടോ ഫ്രെയിമുകളിലോ, പിൻവാതിലുകളിലോ ക്യാമറകള്‍ സ്ഥാപിക്കാറുണ്ട്.
അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇവയെ കണ്ടെത്താൻ സാധിക്കും. കൂടാതെ, എവിടെയെങ്കിലും അധിക വയർ കാണുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. വയർ കണ്ടാല്‍ അത് എവിടേക്കാണ് പോകുന്നതെന്ന് കണ്ടെത്താൻ ശ്രമിക്കുക. അത് ഒരുപക്ഷേ ക്യാമറയിലേക്ക് നിങ്ങളെ നയിച്ചേക്കാം. പല ക്യാമറകള്‍ക്കും വയറുകള്‍ ഇല്ല. അവ ബാറ്ററിയില്‍ പ്രവർത്തിക്കുന്നവയും കാന്തം പോലെ എവിടെയും ഒട്ടിപ്പിടിക്കുന്നവയുമാണ്.
ഇരുട്ടിലും കണ്ണടയ്ക്കാത്ത ക്യാമറകള്‍:നിങ്ങള്‍ ഒരു ചേഞ്ചിംഗ് റൂമിലോ ഹോട്ടല്‍ മുറിയിലോ ആണെങ്കില്‍, ഒരുതവണ ലൈറ്റ് ഓഫ് ചെയ്ത് ചുറ്റും നോക്കുക. എവിടെയെങ്കിലും ഒരു എല്‍ഇഡി ലൈറ്റ് പ്രകാശിക്കുന്നത് കണ്ടാല്‍, അത് ഒരു ക്യാമറയായിരിക്കാൻ സാധ്യതയുണ്ട്. ചില നൈറ്റ് വിഷൻ ക്യാമറകള്‍ ഇരുട്ടില്‍ പോലും പ്രവർത്തനങ്ങള്‍ റെക്കോർഡ് ചെയ്യാൻ കഴിവുള്ളവയാണ്. ഈ ക്യാമറകളില്‍ എല്‍ഇഡി ലൈറ്റുകള്‍ ഉണ്ടാകും, അത് ഇരുട്ടില്‍ തിരിച്ചറിയാൻ സാധിക്കും.ചേഞ്ചിംഗ് റൂമുകളിലും ബാത്ത്റൂമുകളിലും മുറികളിലും കണ്ണാടികള്‍ ഉണ്ടാകും, അവിടെ വെച്ചാണ് നിങ്ങള്‍ വസ്ത്രം മാറുന്നതും ടോയ്‌ലറ്റ് ഉപയോഗിക്കുന്നതും.
ഹോട്ടല്‍ മുറികളിലും വലിയ കണ്ണാടികള്‍ ഉണ്ടാകും. അതിനാല്‍ കണ്ണാടിയുടെ മറുവശത്ത് നിന്ന് ആരെങ്കിലും നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകാം അല്ലെങ്കില്‍ പിന്നില്‍ ഒരു ക്യാമറ ഘടിപ്പിച്ചിട്ടുണ്ടാകാം. അതുകൊണ്ട് കണ്ണാടികള്‍ പരിശോധിക്കുന്നത് പ്രധാനമാണ്. ഇതിനായി കണ്ണാടിയില്‍ വിരല്‍ വെച്ച് നോക്കുക. നിങ്ങളുടെ വിരലിനും കണ്ണാടിയില്‍ പതിഞ്ഞ പ്രതിബിംബത്തിനും ഇടയില്‍ അല്‍പം വിടവ് കാണുന്നുണ്ടെങ്കില്‍ കണ്ണാടി സാധാരണമാണ്.
എന്നാല്‍ വിരലിനും പ്രതിബിംബത്തിനും ഇടയില്‍ വിടവ് കാണുന്നില്ലെങ്കില്‍ എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കണമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.ലൈറ്റ് ഓഫ് ചെയ്ത് മൊബൈല്‍ ഫ്ലാഷ് ഓണ്‍ ചെയ്ത് ചുറ്റും നോക്കുക.എവിടെയെങ്കിലും പ്രതിഫലനം കണ്ടാല്‍ അത് ഒരു ക്യാമറയുടെ ലെൻസില്‍ നിന്നുള്ളതാകാം. ആ ദിശയില്‍ പോയി ഒരു ഒളിക്യാമറയുണ്ടോ എന്ന് നന്നായി പരിശോധിക്കുക.
ആപ്പുകളും ഡിറ്റക്ടറുകളും:ഒളിക്യാമറകള്‍ കണ്ടെത്താൻ നിരവധി ആപ്പുകള്‍ ലഭ്യമാണെങ്കിലും, പല ആപ്പുകളും വ്യാജമായിരിക്കാമെന്ന് സൈബർ വിദഗ്ദ്ധർ പറയുന്നു. അവ നിങ്ങളുടെ ഫോണില്‍ വൈറസുകള്‍ കടത്തിവിടാൻ സാധ്യതയുണ്ട്. കൂടാതെ, വിപണിയില്‍ ചില ഡിറ്റക്ടർ ഉപകരണങ്ങളും ലഭ്യമാണ്. എന്നാല്‍ അവ വിലകൂടിയതായതുകൊണ്ട് എല്ലാവർക്കും വാങ്ങാൻ കഴിയില്ല. ഇത്തരം ഉപകരണങ്ങള്‍ സാധാരണയായി പോലീസിന്റെ പക്കലാണ് കാണാറുള്ളത്.